ഓപ്പറേഷൻ ഗംഗ; 15,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഘട്ടംഘട്ടമായി രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ. രക്ഷാപ്രവർത്തനത്തിനായി സാധ്യമായ എല്ലാ വഴികളും തേടുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല അറിയിച്ചു. ഇതുവരെ നാലു വിമാനങ്ങൾ ഇന്ത്യയിലെത്തിയെന്നും രണ്ടു വിമാനങ്ങൾ കൂടി ഉടൻ രാജ്യത്തെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എയർ ഇന്ത്യയ്ക്ക് പുറമെ ഇൻഡിഗോയും രക്ഷാദൗത്യത്തിന് പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈൻ രക്ഷാദൗത്യത്തിന് പുതിയൊരു മാർഗം അവലംബിക്കുകയാണ്. റുമാനിയയിലെ മോൾഡോവ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിട്ടത്. ഇതിനായി ബസ് പുറപ്പെട്ടു കഴിഞ്ഞുവെന്നും ഈ സംഘത്തെ മോൾഡോവ അതിർത്തിയിൽ എത്തിക്കുമെന്നും അദ്ദേഹം വിശദമാക്കി. അടുത്ത ബസ് അധികം വൈകാതെ അയയ്ക്കുമെന്നും ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 15,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഡേസയിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളുമായി ആദ്യ ബസ് പുറപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യ വഴി രക്ഷാദൗത്യം ഇന്ത്യയുടെ പരിഗണനയിലുണ്ടെന്നും ഹംഗറി, റുമാനിയ അതിർത്തി കടക്കാൻ വലിയ പ്രയാസമില്ലെന്നും അദ്ദേഹം പറഞ്ഞു. പോളണ്ട് അതിർത്തിയിൽ ഒരു ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. അവിടെയുള്ള ഇന്ത്യക്കാർ ട്രെയിനിൽ ഹംഗറി അതിർത്തിയിലെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കിഴക്കൻ യുക്രെയ്‌നിലെ ഇന്ത്യക്കാർ പ്രതിസന്ധി നേരിടുകയാണ്. അവർ പടിഞ്ഞാറൻ അതിർത്തിയിലേക്ക് എത്തണം. ഇതിനായി റെഡ്ക്രോസിന്റെ സഹായം തേടി. റഷ്യ, യുക്രെയ്ൻ സ്ഥാനപതികൾക്ക് അവരുടെ വിശദാംശങ്ങൾ നൽകുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.