സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; പൊതുപരിപാടികൾക്ക് പരമാവധി 1500 പേർക്ക് പങ്കെടുക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് സർക്കാർ. സംസ്ഥാനത്തെ കോവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് നടപടി.

ബാറുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മറ്റ് ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ നൂറ് ശതമാനം പ്രവേശനം അനുവദിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. സംസ്ഥാനത്തെ തീയേറ്ററുകൾ നൂറ് ശതമാനം സിറ്റിങ് കപ്പാസിറ്റിയിൽ പ്രവർത്തിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

എല്ലാ പൊതുപരിപാടികൾക്കും പരമാവധി 1500 പേർക്ക് ഇനി മുതൽ പങ്കാളികളാകാം. അതേസമയം, ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിക്കുന്ന രീതി നിർത്തലാക്കുകയും ചെയ്തു.