തിരുവനന്തപുരം: സംസ്ഥാനത്ത് 50 ലക്ഷം പേരെ അംഗങ്ങളാക്കാനുള്ള പ്രവർത്തനവുമായി മുന്നിട്ടിറങ്ങാൻ തീരുമാനിച്ച് കോൺഗ്രസ്. സംസ്ഥാനത്ത് പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് പ്രവർത്തനം അനുവദിക്കില്ലെന്നാണ് കോൺഗ്രസിന്റെ തീരുമാനം. ഗ്രൂപ്പ് യോഗങ്ങളും തടയും. ഗ്രൂപ്പ് യോഗങ്ങളെ കണ്ടെത്താൻ പ്രത്യേക നിരീക്ഷണ സംവിധാനം എല്ലാ ജില്ലകളിലും ഏർപ്പെടുത്തും. സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അംഗത്വവിതരണം ഇക്കുറി റെക്കോർഡ് നേട്ടം കരസ്ഥമാക്കണമെന്നും കെപിസിസി തീരുമാനിച്ചു
മാർച്ച് 31 ന് അംഗത്വ വിതരണം അവസാനിക്കും. തിരഞ്ഞെടുപ്പ് നടപടികൾ ഏപ്രിൽ മാസമാണ് ആരംഭിക്കുക. അതുവരെ പുനഃസംഘടനാ പ്രക്രിയ തുടരും. കെപിസിസി സെക്രട്ടറിമാരെ ഉടൻ നിയമിക്കാനാണ് സാധ്യതയെന്നാണ് വിവരം. താഴെ തട്ടിലും ഗ്രൂപ്പ് യോഗവും പ്രവർത്തനും തടയും.
കേരളത്തിൽ മാത്രമുള്ള യൂണിറ്റ് കമ്മിറ്റികൾ പാർട്ടി ഭരണഘടനയിൽ ഇല്ലാത്തതിനാൽ അതിൽ തിരഞ്ഞെടുപ്പ് ഉണ്ടാകില്ല. എന്നാൽ ആ കുടുംബ യൂണിറ്റുകൾക്ക് അംഗത്വ വിതരണത്തിൽ വലിയ പങ്കു വഹിക്കാൻ കഴിയും. കോൺഗ്രസ് കേഡർ പാർട്ടിയല്ല. വർധിച്ച സംഘടനാ ചിട്ടയോടെയും ജനാധിപത്യ സ്വഭാവത്തോടെയും അതു പ്രവർത്തിക്കണം. കേഡർ എന്നതു കൊണ്ടു താൻ ഉദ്ദേശിച്ചത് സമർപ്പണം എന്നു മാത്രമാണെന്നാണ് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ വിശദമാക്കുന്നത്.
അതേസമയം, കഴിഞ്ഞ തവണ 33 ലക്ഷം പേരാണ് കോൺഗ്രസിൽ അംഗങ്ങളായത്. ഇക്കുറി 50 ലക്ഷം കൈവരിക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. 5 രൂപയാണ് അംഗത്വ ഫീസ്. ഫോട്ടോ പതിച്ച അംഗത്വ കാർഡിന് 10 രൂപ നൽകണം. കോൺഗ്രസ് അംഗമാകാൻ ആകെ 15 രൂപയാണ് വേണ്ടി വരിക. 18 വയസ്സ് കഴിഞ്ഞവർക്ക് കോൺഗ്രസിൽ അംഗമാകാം.

