വികസന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും: കോടിയേരി

കൊച്ചി: ഒന്നാം പിണറായി സര്‍ക്കാരിന്റെ ആവര്‍ത്തനമല്ല രണ്ടാം പിണറായി സര്‍ക്കാരെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തെ വികസന പദ്ധതികളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം എല്‍ഡിഎഫ് സര്‍ക്കാര്‍ തേടാറുണ്ട്. വികസന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും സിപിഎമ്മിന്റെ ആശയ സംഹിതയില്‍ ഉറച്ചു നിന്നാണ് സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതെന്നും കോടിയേരി പറഞ്ഞു.

കെ റെയില്‍ അടക്കമുള്ള വിഷയത്തില്‍ സിപിഎമ്മിന് ഉള്ളില്‍ നിന്നും തന്നെ എതിര്‍പ്പുകളുയരുന്ന സാഹചര്യത്തിലാണ് കോടിയേരിയുടെ വിശദീകരണം. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനെ കുറിച്ചുള്ള വികസനരേഖ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. വിഭാഗീയതയും ഗ്രൂപ്പിസവും ഇല്ലാതെ കേന്ദ്രീകൃതമായ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ പാര്‍ട്ടി എത്തിയെന്നും കോടിയേരി അവകാശപ്പെട്ടു.