രാജ്യത്ത് കൊവിഡ് മൂലം രക്ഷിതാക്കളില്‍ ഒരാളെയെങ്കിലും നഷ്ടപ്പെട്ട കുട്ടികള്‍ 19.2 ലക്ഷമെന്ന് പഠന റിപ്പോര്‍ട്ട്‌

2020 മാര്‍ച്ചിനും 2021 ഒക്ടോബറിനും ഇടയിലുള്ള ഏകദേശം 19.2 ലക്ഷം കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ ഒരാളെയെങ്കിലും കൊവിഡ് 19 മൂലം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പഠനം. 20 രാജ്യങ്ങളില്‍, കൊവിഡിന്റെ ആദ്യത്തെ രണ്ട് തരംഗങ്ങളുടെ കാലയളവില്‍ കൊവിഡ് മൂലം അനാഥരായതോ അല്ലെങ്കില്‍ രക്ഷിതാക്കളില്‍ ഒരാളെയെങ്കിലും നഷ്ടപ്പെട്ടതോ ആയ കുട്ടികളുടെ എണ്ണം ഇന്ത്യയിലാണ് കൂടുതലെന്നും പഠനം വ്യക്തമാക്കുന്നു.

1000 കുട്ടികളില്‍ വെച്ച് അനാഥരായവരുടെ നിരക്ക് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് പെറുവിലാണ് (8.3%). ദക്ഷിണാഫ്രിക്കയില്‍ 7% പേര്‍ക്കും നഷ്ടം സംഭവിച്ചു. ലോകമെമ്പാടും 33 ലക്ഷം കുട്ടികള്‍ കൊവിഡ് മൂലം അനാഥരായപ്പോള്‍, 18.3 ലക്ഷം പേര്‍ക്ക് വീട്ടിലെ മുത്തച്ഛനെയോ ഒരു മുതിര്‍ന്ന അംഗത്തെയോ നഷ്ടപ്പെട്ടതായും പഠനം ചൂണ്ടിക്കാട്ടുന്നു. 2021 മെയ് 1നും 2021 ഒക്ടോബര്‍ 31നും ഇടയില്‍, കൊവിഡ് 19ന്റെ ആദ്യ 14 മാസത്തെ അപേക്ഷിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം ഏകദേശം ഇരട്ടിയായി. ഇന്ത്യയില്‍ 2022 ഫെബ്രുവരി 5 വരെ കോവിഡ് മൂലം അനാഥരായ 3,890 പേരെ വനിതാ ശിശു വികസന മന്ത്രാലയത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

2020 ഏപ്രിലിനും 2021 ജൂണിനുമിടയില്‍ 3,661 പേര്‍ക്ക് രക്ഷിതാക്കളില്‍ രണ്ട് പേരെയും കൊവിഡ് 19 മൂലം നഷ്ടപ്പെട്ടുവെന്നാണ് നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് പറയുന്നത്. ലാന്‍സെറ്റ് പഠനം നടത്തിയ കാലയളവിലെ കണക്കുകള്‍ തന്നെയാണ് ഇതും. മധ്യപ്രദേശില്‍ അനാഥരായത് 706 കുട്ടികളാണ്. രാജസ്ഥാന്‍ (671), ഉത്തര്‍പ്രദേശ് (383), ബിഹാര്‍ (308), ഒഡീഷ (281) എന്നിവയാണ് അനാഥരായ കുട്ടികള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സംസ്ഥാനങ്ങള്‍. മാതാപിതാക്കളില്‍ ഒരാള്‍ മാത്രം അവശേഷിക്കുന്ന കുട്ടികളുടെ എണ്ണം മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 6865, 2784, 1923, 1801, 1,326, 1311 എന്നിങ്ങനെയാണ് കണക്കുകള്‍.