സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ നാല് വരെ; എറണാകുളം വേദിയാകും

എറണാകുളം: സിപിഎം സംസ്ഥാന സമ്മേളനം 2022 മാർച്ച് ഒന്ന് മുതൽ നാല് വരെ. എറണാകുളത്ത് വെച്ചാണ് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നത്. 36 വർഷങ്ങൾക്ക് ശേഷമാണ് കൊച്ചി വീണ്ടും സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്. മറൈൻ ഡ്രൈവിലാണ് സമ്മേളനം നടക്കുന്നത്.

ബോൾഗാട്ടി കൺവൻഷൻ സെന്ററിലാണ് ആദ്യം സിപിഎം സംസ്ഥാന സമ്മേളനം നടത്താനിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ സ്ഥലസൗകര്യം കണക്കിലെടുത്താണു മറൈൻഡ്രൈവിൽ തയാറാക്കുന്ന പന്തലിലേക്ക് സമ്മേളനം മാറ്റുന്നതെന്നു സംഘാടക സമിതി ചെയർമാൻ പി.രാജീവ്, കൺവീനർ സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ എന്നിവർ വ്യക്തമാക്കി. മാർച്ച് ഒന്നിനു രാവിലെ 10 മണിയ്ക്ക് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എസ്.രാമചന്ദ്രൻപിള്ള, എം.എ.ബേബി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. 1500 പേർക്കാണ് പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സമ്മേളനം നടക്കുക. പരിപാടി ലൈവ് സ്ട്രീമിങും നടത്തും. 5 ലക്ഷം പേർ വെർച്വൽ ആയി പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 400 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളന വേദിയോടു ചേർന്ന് സെമിനാർ, ചരിത്ര പ്രദർശനം, കലാപരിപാടികൾ എന്നിവ ഉണ്ടാകും.