സംസ്ഥാനത്ത് ആർക്കും ആരെയും കൊല്ലാമെന്ന സ്ഥിതി; മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്ത് ആർക്കും ആരെയും കൊല്ലാമെന്ന സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം സഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് അടിവരയിടുന്നതാണ് ഇന്ന് തിരുവനന്തപുരത്ത് നടന്ന കൊലപാതകമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരെയും വി ഡി സതീശൻ രൂക്ഷ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് അക്രമ സംഭവങ്ങൾ നടക്കുന്നത്. മുഖ്യമന്ത്രി യാഥാർത്ഥ്യം മനസ്സിലാക്കണം. സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങളെ തുറന്ന് വിട്ടിരിക്കുകയാണ്. ഗുണ്ടകളെ അകത്താക്കണമെന്നും മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ ഗുണ്ടാ സംഘങ്ങൾക്കും മയക്കുമരുന്ന് സംഘങ്ങൾക്കും എല്ലാ ഒത്താശയും ചെയ്യുന്നത് സിപിഎമ്മാണ്. കേരളം മുഴുവൻ ഗുണ്ടാ കൊറിഡോറായി മാറി. എല്ലാം നിസാരമായി കാണുന്ന മുഖ്യമന്ത്രി പാർട്ടിക്കാർക്ക് അഴിഞ്ഞാടാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

അസാധാരണ സാഹചര്യത്തിൽ നടന്ന അസാധാരണ കൊള്ളയാണ് മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നടന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി ഈ കൊള്ളയെ ന്യായീകരിക്കുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൊള്ള നടന്നതെന്ന് ഇപ്പോൾ വ്യക്തമായി. വൈദ്യതി ബോർഡിലെ അഴിമതിയും പ്രതിപക്ഷം ഉന്നയിച്ചു. മുൻ വൈദ്യുതി മന്ത്രി എം.എം മണിയെ കൊണ്ട് ഇപ്പോഴത്തെ മന്ത്രിയെ വിരട്ടുകയാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രി കേട്ടിരിക്കെ വൈദ്യുതി മന്ത്രിക്കും ബോർഡ് ചെയർമാനും എതിരെ അധിക്ഷേപമാണ് എം.എം. മണി നടത്തിയത്. ഇതൊക്കെ കേട്ടുകേൾവി ഇല്ലാത്ത കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.