തിരുവനന്തപുരം: പുതുതായി നിർമ്മിക്കുന്ന സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. എ കെ ജി സെന്റർ ഗ്യാസ് ഹൗസ് ജംഗ്ഷനിൽ സിപിഎമ്മിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മിക്കുന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരം നാലു മണിയ്ക്കാണ് തറക്കല്ലിടൽ ചടങ്ങ് നടന്നത്. ശിലാസ്ഥാപന പരിപാടിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പാർട്ടി പോളിറ്റ് ബ്യുറോ അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള, എം എ ബേബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ജനങ്ങളെ ചേരിതിരിക്കാനും വ്യത്യസ്ത അറകളിലാക്കാനും വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇക്കാര്യത്തിൽ മുന്നിൽ ഭൂരിപക്ഷ വർഗീയതയാണെങ്കിൽ ഒട്ടും പിന്നിലല്ലാതെ ന്യൂനപക്ഷ വർഗീയതയുമുണ്ട്. പുതിയ ആസ്ഥാന മന്ദിരം പണിയുന്നത് പാർട്ടിയുടെ ചരിത്രത്തിലെ ധന്യ നിമിഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എ കെ ജി സെന്ററിലെ പഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനം ഊർജിതമാക്കാനാണ് സംസ്ഥാന സമിതി ഓഫീസ് പുതിയ കെട്ടിടത്തിലേക്കു മാറ്റുന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 5380 സ്‌ക്വയർ മീറ്റർ കെട്ടിടമാണ് പുതിയതായി നിർമ്മിക്കുന്നത്. ആകെ ഒമ്പതു നിലയുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യം ആറു നില കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കും. രണ്ടു നില ബെയ്‌സ്‌മെന്റിൽ ഉണ്ടാകും. ബാക്കി മൂന്ന് നിലകളുടെ നിർമ്മാണം എയർപോർട്ട് അതോറിറ്റിയുടെ അനുമതി ലഭിച്ച ശേഷം ആരംഭിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു. പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയാണ് കെട്ടിടത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തത്.

