ന്യൂഡൽഹി: യുക്രൈനിൽ റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വ്യോമമാർഗം അടച്ചതോടെ യുക്രൈനിൽ കുടങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ മറ്റുമാർഗങ്ങൾ തേടി കേന്ദ്ര സർക്കാർ. യുക്രൈനിന്റെ അയൽ രാജ്യമായ ഹംഗറി വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി ഹംഗറിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് പ്രത്യേക സംഘത്തെ യുക്രൈനിലേക്ക് അയക്കും. ഇന്ത്യക്കാരെ പുറത്തെത്തിക്കാൻ സഹായിക്കുന്നതിനും നടപടികൾ ഏകോപിപ്പിക്കുന്നതിനുമായി ഹംഗറിയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള പ്രത്യേക സംഘത്തെ അതിർത്തി പോസ്റ്റായ സോഹാനിയിലേക്ക് അയച്ചതായി അധികൃതർ വ്യക്തമാക്കി. സാധ്യമായ എല്ലാ സഹായവും നൽകാൻ ഹംഗറി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് ഹംഗറിയിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
യുക്രൈനിലെ സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും രക്ഷാദൗത്യം ആവിഷ്‌കരിച്ച് വരികയാണെന്നും ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു. വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യൻ പൗരന്മാർ ശാന്തരും സുരക്ഷിതരുമായി ഇരിക്കണമെന്നാണ് യുക്രൈൻ വ്യക്തമാക്കിയിട്ടുള്ളത്. വീട്, ഹോസ്റ്റൽ, താൽകാലിക താമസസ്ഥലം എവിടെയാണോ ഉള്ളത് അവിടെ സുരക്ഷിതരായി തുടരണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം, യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഉടൻ തിരികെ എത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചിരുന്നു. വിദ്യാർഥികളുൾപ്പെടെ 18,000 ഇന്ത്യക്കാരാണ് യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നതെന്നും ഇവരെയെല്ലാം തിരികെ കൊണ്ടുവരാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം ആസൂത്രണം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനിൽ യുദ്ധ ഭീഷണി ഉയർന്നപ്പോൾ തന്നെ കൂടുതൽ സർവീസുകൾ ആരംഭിച്ച് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തി. എന്നാൽ വ്യോമപാത അടച്ച സാഹചര്യത്തിൽ വിമാനമാർഗം തിരിച്ചെത്തിക്കാൻ കഴിയില്ല എന്ന സ്ഥിതിയുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

