തൃശൂർ: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഉടൻ തിരികെ എത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. വിദ്യാർഥികളുൾപ്പെടെ 18,000 ഇന്ത്യക്കാരാണ് യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നതെന്നും ഇവരെയെല്ലാം തിരികെ കൊണ്ടുവരാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം ആസൂത്രണം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനിൽ യുദ്ധ ഭീഷണി ഉയർന്നപ്പോൾ തന്നെ കൂടുതൽ സർവീസുകൾ ആരംഭിച്ച് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നടത്തി. എന്നാൽ വ്യോമപാത അടച്ച സാഹചര്യത്തിൽ വിമാനമാർഗം തിരിച്ചെത്തിക്കാൻ കഴിയില്ല എന്ന സ്ഥിതിയുണ്ടായെന്നും അദ്ദേഹം അറിയിച്ചു.
യുക്രൈനിലെ ഇന്ത്യൻ എംബസിയെ സഹായിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ത്യക്കാരെ രക്ഷിക്കുകയെന്നതാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ഇപ്പോൾ യുദ്ധ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ വിദ്യാർഥികളുമായി സംസാരിച്ചുവെന്നും അവർക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മറ്റിടങ്ങളിലുള്ള വിദ്യാർഥികൾക്ക് പ്രശ്നങ്ങളില്ലെന്ന് അറിയാൻ കഴിഞ്ഞുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മടങ്ങി വരാൻ താത്പര്യമുള്ള എല്ലാവരേയും ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ ബദൽ മാർഗം തേടുന്നുവെന്നും എന്നാൽ അക്കാര്യത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ പരിമിതിയുണ്ടെന്നും അദ്ദേഹം വിശദമാക്കി. യുക്രൈനിലുള്ള ഇന്ത്യൻ വിദ്യാർഥികൾക്കും കുടുങ്ങിക്കിടക്കുന്നവർക്കും ബന്ധപ്പെടുവാനായി കൺട്രോൾ റൂം പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി. വിദ്യാർഥികൾക്ക് ബന്ധപ്പെടാൻ കൂടുതൽ ഫോൺ നമ്പർ ഏർപ്പെടുത്തി. പരിഭ്രമത്തിന്റെ ആവശ്യം ഇല്ലെന്നും ഇറാഖിൽ നിന്നുൾപ്പെടെ യുദ്ധ സാഹചര്യത്തിൽ ആളുകളെ തിരികെ എത്തിച്ച പരിചയമുണ്ട് ഇന്ത്യൻ നയതന്ത്ര മേഖലക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2300 ൽ അധികം മലയാളികളാണ് യുക്രൈനിലുള്ളതെന്നും അദ്ദേഹം വിശദമാക്കി.

