കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്നു മാസം കൂടി സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ. കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ മുദ്രവച്ച കവറിൽ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി.
തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നൽകരുതെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി. തുടരന്വേഷണത്തിന്റെ മറവിൽ തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കുന്നുവെന്നും ഇത് അനുവദിക്കരുതെന്നും ദിലീപ് കോടതിയെ അറിയിച്ചു. ആദ്യ അന്വേഷണത്തിന്റെ പാളിച്ച മറയ്ക്കാനാണ് തുടരന്വേഷണം ആവശ്യപ്പെടുന്നതെന്നും ദിലീപ് പറയുന്നു.
അതേസമയം അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഫൊറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ദീലിപ് അടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

