കെ റെയിൽ പദ്ധതിയ്ക്കായി കടമെടുക്കുക 33,700 രൂപ; ധനമന്ത്രി

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്ക്ക് ആവശ്യമുള്ള 63,941 കോടി രൂപയിൽ 33,700 കോടി പലിശയ്ക്ക് എടുക്കാൻ സർക്കാർ ലക്ഷ്യമിടുന്നത് എഡിബി, ജൈക്ക, എഐഐബി, കെഎഫ്ഡബ്ല്യൂ തുടങ്ങിയവിടങ്ങളിൽ നിന്നാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കെ റെയിൽ പദ്ധതി സർക്കാരിനെ കടക്കെണിയിലാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

റെയിൽവെ ബോർഡ്, ധനകാര്യം (എക്സ്പെൻഡിച്ചർ), നിതി ആയോഗ് എന്നീ കേന്ദ്ര വകുപ്പുകൾ വായ്പയ്ക്കായി കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിനു പദ്ധതി ശുപാർശ ചെയ്തിട്ടുണ്ട്. കേന്ദ്ര ധനകാര്യ മന്ത്രാലയം വഴി ബാങ്കുകളെ സമീപിച്ചതായും വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു. വായ്പ ലഭിക്കുന്നതിന് വേണ്ടി സാമ്പത്തികകാര്യ മന്ത്രാലയം റിപ്പോർട്ട് അംഗീകരിച്ച് വിദേശ ധനകാര്യ സ്ഥാപനങ്ങൾക്ക് ശുപാർശ ചെയ്യേണ്ടതുണ്ട്. ഇതിനു ശേഷമേ ഔദ്യോഗിക ചർച്ചകളുമായി മുന്നോട്ടു പോകൂവെന്നും ആ ഘട്ടത്തിലായിരിക്കും വായ്പാ വ്യവസ്ഥകൾ തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വിദേശ വായ്പയ്ക്ക് കേരളം ഗാരന്റി നല്കിയ ഫയലിൽ ധനമന്ത്രി ഒപ്പുവച്ചിട്ടുണ്ടോയെന്ന രമേസ് ചെന്നിത്തലയുടെ ചോദ്യത്തിന് ബാലഗോപാൽ കൃത്യമായ മറുപടി നൽകിയിട്ടില്ല.