അട്ടപ്പാടി ആദിവാസി മേഖലകളിൽ ശിശുമരണങ്ങൾ വർദ്ധിക്കുന്നത് തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കും; മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി മേഖലകളിൽ ശിശുമരണങ്ങൾ വർദ്ധിക്കുന്നത് തടയാൻ അടിയന്തിര നടപടികൾ സ്വീകരിച്ചു വരുന്നതായി മന്ത്രി കെ രാധാകൃഷ്ണൻ. വി.ഡി സതീശൻ ഉന്നയിച്ച സബ്മിഷന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2021 ൽ അട്ടപ്പാടിയിൽ 9 ശിശു മരണങ്ങളുണ്ടായതായും പാൽ നെറുകയിൽ കയറിയതടക്കം വിവിധ രോഗാവസ്ഥകളുടെ ഭാഗമായാണ് കുട്ടികൾ മരണപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയിൽ വിവിധ മാതൃ ശിശു സൗഹാർദ പദ്ധതികൾ ആവിഷ്‌കരിച്ച് വിവിധ വകുപ്പുകൾ സംയോജിത പദ്ധതികൾ നടപ്പാക്കി വരികയാണ്. കോട്ടത്തറ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. പട്ടിക വിഭാഗത്തിൽ നിന്ന് പാരാമെഡിക്കൽ കോഴ്‌സുകൾ പാസായ കുട്ടികളെ വിവിധ പഞ്ചായത്തുകളിൽ ആരോഗ്യ സേവനത്തിന് നിയോഗിച്ചിട്ടുണ്ട്. 2021 നവംബറിൽ ഉണ്ടായ ശിശുമരണങ്ങൾ ശ്രദ്ധയിൽപ്പെട്ടയുടനെ അട്ടപ്പാടിയിലെ ഊരുകളിൽ എത്തി സ്ഥിതി നേരിട്ട് വിലയിരുത്തി. മേഖലയിൽ നിലവിലുള്ള എല്ലാ ഗർഭിണികളെയും ഉൾപസിക്കിൾസെൽ അനീമിയ രോഗികളായവരെയും നിശ്ചിത ഇടവേളകളിൽ നേരിട്ട് നിരീക്ഷിക്കുന്നതിന് ആരോഗ്യപ്രവർത്തകർ, ആശാവർക്കർ, അംഗൻവാടി പ്രവർത്തകർ, ഐസിഡിഎസ് സൂപ്പർ വൈസർമാർ തുടങ്ങിയവരെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം മറുപടി നൽകി.

ഗർഭിണികൾക്ക് പോഷകാഹാര വിതരണവും സാമൂഹ്യ അടുക്കള വഴി ഭക്ഷണവും വിതരണം ചെയ്തിട്ടും വിളർച്ചയും ശിശുമരണവും ഉണ്ടാകുന്നത് പ്രത്യേകം പരിശോധിച്ച് പരിഹരിക്കണം. ആദിവാസികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി സ്വയം പര്യാപ്തരാക്കിയെങ്കിൽ മാത്രമേ മാറ്റമുണ്ടാകു. വ്യാജമദ്യം ഇവിടെ സുലഭമാണ് ഇത് തടയണം. സാക്ഷരതാ പ്രവർത്തനങ്ങൾ ശക്തമാക്കണം. പുതിയ പ്രമോട്ടർമാർ ചുമതലയേൽക്കുന്നതോടെ കൂടുതൽ ഇടപെട്ട് പ്രവർത്തിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അട്ടപ്പാടി ജനതയുടെ ആരോഗ്യവും അന്തസും ഉടനെ വീണ്ടെടുക്കുകയാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.