തിരുവനന്തപുരം: മുസ്ലീം ലീഗ് എൽഡിഎഫിലേക്ക് അടുക്കുന്നുവെന്ന ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മുസ്ലീം ലീഗ് യുഡിഎഫ് വിടുന്ന പ്രശ്നമേയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനകീയാസൂത്രണ പരിപാടിയിൽ കുഞ്ഞാലിക്കുട്ടി വഹിച്ച പങ്ക് ചർച്ച ചെയ്യുന്ന തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുളള പ്രചാരണങ്ങൾക്ക് മറുപടിയുമായാണ് അദ്ദേഹം രംഗത്തെത്തിയത്.
തോമസ് ഐസക്ക് പറഞ്ഞതിൽ രാഷ്ട്രീയമില്ലെന്നും നെഗറ്റീവ് ആയ നയം യുഡിഎഫ് ഒരുകാലത്തും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഹമ്മദ് കുരിക്കളുടെ കാലം തൊട്ടുതന്നെ എല്ലാവരുമായി സഹകരിക്കുക എന്ന നയമാണ് മുന്നണിയ്ക്കെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റ് തന്നെക്കുറിച്ചല്ലല്ലോ. അദ്ദേഹം പറഞ്ഞത് ചരിത്രമല്ലേയെന്ന് കുഞ്ഞാലിക്കുട്ടി ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിൽ ഉമ്മൻചാണ്ടിയെ പറ്റിയും മുനീറിനെ പറ്റിയും അങ്ങനെ പലരെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. മാദ്ധ്യമങ്ങൾ കഥയുണ്ടാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
1980 ൽ 29-ാം വയസിൽ മലപ്പുറം മുൻസിപ്പൽ ചെയർമാനായ കുഞ്ഞാലിക്കുട്ടി രണ്ട് വർഷം കഴിഞ്ഞപ്പോൾ എംഎൽഎയായെന്നും അപ്പോഴും രണ്ട് പദവികളും മലപ്പുറത്തിന്റെ വികസനത്തിനായി ഉപയോഗിച്ചുവെന്നുമായിരുന്നു തോമസ് ഐസ്‌ക്ക് വ്യക്തമാക്കിയിരുന്നത്. കുഞ്ഞാലിക്കുട്ടിയുടെ സ്വഭാവ ശൈലിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചിരുന്നു. ഇതോടെയാണ് ലീഗ് എൽഡിഎഫിലേക്ക് അടുക്കുന്നതായുള്ള പ്രചാരണം ശക്തമായത്.

