ബംഗളൂരു: രാജ്യത്ത് ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലെന്നും എന്നാൽ സ്ഥാപനങ്ങളുടെ അച്ചടക്കം സംബന്ധിച്ച നിയന്ത്രണങ്ങൾ അതിനു ബാധകമാണെന്നും കോടതിയെ അറിയിച്ച് കർണാടക സർക്കാർ. ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിൽ ഹിജാബ് ധരിക്കുന്നതിനുള്ള അവകാശം വരില്ലെന്നും കർണാടക അഡ്വക്കറ്റ് ജനറൽ പ്രഭുലിങ് നവാദ്ഗി കോടതിയിൽ വ്യക്തമാക്കി. ഹർജിക്കാർ വാദിക്കുന്നതുപോലെ ഹിജാബ് ധരിക്കാനുള്ള അവകാശം അനുച്ഛേദം 25 പ്രകാരമുള്ള മൗലിക അവകാശമല്ല. അത് അനുച്ഛേദം 19 (1) (എ)യിലാണ് വരിക. ഒരാൾ ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ‘സ്ഥാപനത്തിന്റെ അച്ചടക്കത്തിന്’ വിധേമായി ഒരു നിയന്ത്രണമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അകത്ത് ഹിജാബ് ധരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. മറ്റെവിടേയും ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടില്ല. ഹിജാബ് ധരിക്കുന്നത് മതത്തിന്റെ അടിസ്ഥാന ആചാരത്തിൽ പെടുന്നതാണെന്ന വാദം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. നിർബന്ധമായും അടിച്ചേൽപ്പിക്കുന്ന സ്വഭാവം അതിനുണ്ട്. അതു ധരിക്കാത്തവർ മതത്തിനു പുറത്തുപോകും എന്ന പ്രതീതി ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കർണാടക ഉഡുപ്പി സർക്കാർ വക വനിത പ്രീ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥികളാണ് ക്ലാസിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് ജെഎം ഖാസി, ജസ്റ്റിസ് കൃഷ്ണ എം ദീക്ഷിത് എന്നിവരടങ്ങിയ ഫുൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഈ ആഴ്ച തന്നെ കേസിൽ തീർപ്പ് ഉണ്ടാകുമെന്നാണ് കരുതുന്നതന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്. കേസ് നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ ഇളവ് വേണമെന്ന ഹർജിക്കാരുടെ അഭ്യർത്ഥനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

