മെട്രോ പാതയിലെ ചെരിവിന്റെ കാരണം വ്യക്തമല്ലെന്ന് ഇ. ശ്രീധരന്‍; ബലപ്പെടുത്താന്‍ നിര്‍ദ്ദേശം

കൊച്ചി: കൊച്ചി മെട്രോ പാതയില്‍ പത്തടിപ്പാലത്ത് നേരിയ ചെരിവുണ്ടെന്നും, അതിന്റെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിന് അള്‍ട്രാ സോണിക് ടെസ്റ്റും സോയില്‍ ബോര്‍ ടെസ്റ്റും നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മെട്രോമാന്‍ ഇ. ശ്രീധരന്‍. എന്നാല്‍, പരിശോധനകളുടെ ഫലം വരുന്നതിന് മുമ്പ് തന്നെ അഡീഷനല്‍ പൈലിങ് നടത്തി പാലത്തെ ബലപ്പെടുത്തുന്ന പണി തുടങ്ങാനും നിര്‍ദ്ദേശം നല്‍കി.

പൈലിനും പൈല്‍ കാപ്പിനും കേടില്ല. പാലത്തിനു സംഭവിച്ച ചെരിവു കാരണം പാളത്തിന്റെ അലൈന്‍മെന്റിനും നേരിയ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. പക്ഷേ, ഇത് അപകടകരമായ സഹചര്യമല്ല എന്നതിനാല്‍ സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടതില്ല. കനത്ത മഴയ്ക്കു ശേഷം മണ്ണിന്റെ ഘടനയില്‍ മാറ്റമോ മണ്ണ് നഷ്ടപ്പെടുന്ന (സോയില്‍ ലോസ്) അവസ്ഥയോ ഉണ്ടായോ എന്നും പരിശോധിക്കേണ്ടതുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

കെഎംആര്‍എല്‍ ഓഫീസില്‍ എം.ഡി ലോക്‌നാഥ് ബെഹ്‌റ, കെഎംആര്‍എല്‍ ഡയറക്ടര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും, ഇതുവരെ നടത്തിയ പരിശോധനകളുടെ വിവരങ്ങളും മണ്ണിന്റെ ഘടനയുടെ റിപ്പോര്‍ട്ടും ശ്രീധരന്‍ ചര്‍ച്ച ചെയ്തു. പരിശോധനാ റിപ്പോര്‍ട്ടും കണക്കുകളും വച്ച് ഇനി എന്തു ചെയ്യണമെന്ന കാര്യം തീരുമാനിക്കുമെന്നു കെഎംആര്‍എല്‍ അറിയിച്ചു. അറ്റകുറ്റപ്പണി പൂര്‍ത്തിയാകും വരെ ഇപ്പോഴുള്ള വേഗ നിയന്ത്രണം തുടരും. നിലവിലുള്ള പൈലിങ്ങിനു ക്ഷതം സംഭവിച്ചോ എന്നും ഭൂമിക്കടിയിലെ പാറയില്‍ തന്നെ പൈലിങ് ഉറച്ചു നില്‍ക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണു അള്‍ട്രാ സോണിക് പരിശോധന.