ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ അടിയറവ് പറയിച്ച കൊച്ചു താരത്തെ അറിയാം

മുംബൈ: ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണെ അട്ടിമറിച്ച് ഇന്ത്യയുടെ 16കാരന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്ഗനാനന്ദ. എയര്‍തിംഗ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് പ്രഗ്ഗനാനന്ദ ചരിത്ര വിജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ കാള്‍സണെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്ഗനാനന്ദ 39 നീക്കങ്ങളിലാണ് അടിയറവ് പറയിച്ചത്. ഇതോടെ കാള്‍സണെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് പ്രഗ്‌നാനന്ദ.

ടൂര്‍ണമെന്റിലെ എട്ട് റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ എട്ടു പോയന്റുമായി പന്ത്രണ്ടാം സ്ഥാനത്താണ് പ്രഗ്ഗനാനന്ദ. എയര്‍തിംഗ്‌സ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ്സ് ടൂര്‍ണമെന്റില്‍ ജയത്തിന് മൂന്ന് പോയന്റും സമനിലക്ക് ഒരു പോയന്റുമാണ് ലഭിക്കുക. ആദ്യ ഘട്ടത്തില്‍ ഏഴ് റൗണ്ടുകള്‍ കൂടി ഇനി അവശേഷിക്കുന്നുണ്ട്. ആദ്യ റൗണ്ടുകളില്‍ ലെവ് അരോണിയനെ തോല്‍പിച്ച പ്രഗ്ഗനാനന്ദ രണ്ട് സമനിലയും നാല് തോല്‍വിയും വഴങ്ങിയിരുന്നു. കാള്‍സണെതിരായ അത്ഭുത വിജയം എങ്ങനെയാണ് ആഘോഷിക്കുക എന്ന ചോദ്യത്തിന് കിടന്നുറങ്ങിയിട്ട് എന്നായിരുന്നു പ്രഗ്ഗനാനന്ദയുടെ മറുപടി. നേരത്തെ വിശ്വനാന്ദന്‍ ആനന്ദും ഹരികൃഷ്ണനും കാള്‍സണെ പരാജയപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററായ രമേഷ് ബാബു പ്രഗ്‌നാനന്ദ ജനിക്കുന്നത് 2005 ആഗസ്റ്റ് 10നാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരമാണ് പ്രഗ്‌നാനന്ദ. 2016ല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മാസ്റ്റര്‍ പദവി സ്വന്തമാക്കുമ്പോള്‍ പ്രഗ്‌നാനന്ദയ്ക്ക് പ്രായം പത്ത് വര്‍ഷവും പത്ത് മാസവും പത്തൊമ്ബത് ദിവസവുമായിരുന്നു. ഇതിന് മുമ്പേ തന്നെ 2013ല്‍ എട്ടു വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള ചെസ്സ് ടൂര്‍ണ്ണമെന്റില്‍ ചാമ്പ്യനായ ഈ ബാലന്‍ ഏഴാം വയസ്സില്‍ ഫിഡെ മാസ്റ്റര്‍ പട്ടവും നേടി. തമിഴ്‌നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്ഗനാനന്ദയുടെ സഹോദരി വൈശാലിയും ഇന്റര്‍നാഷണല്‍ മാസ്റ്ററാണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്ക് തൊട്ടടുത്താണ് വൈശാലിയിപ്പോള്‍. ആര്‍ ബി രമേഷ് ആണ് പ്രഗ്ഗനാനന്ദയുടെയും വൈശാലിയുടെ പരിശീലകന്‍.