കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴ്‌പേര്‍ പിടിയിലായി. നേരത്തെ പ്രദേശത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് സൂചന.
എന്നാല്‍, കസ്റ്റഡിയിലായവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് ഇതുവരെ വെളിപ്പെടുത്തിയില്ല. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പോലീസ് കരുതുന്നത്. പ്രകോപനപരമായ പ്രസംഗം നടത്തിയ ബി.ജെ.പി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ലിജേഷിനെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു. നിലവില്‍ കസ്റ്റഡിയിലായവരില്‍ നിന്നും സംഭവത്തിന്റെ ദൃക്സാക്ഷിയായ ഹരിദാസന്റെ സഹോദരനില്‍ നിന്നും പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് തേടുന്നുണ്ട്.
അതേസമയം, അന്വേഷണ സംഘത്തെ ആറ് വിഭാഗങ്ങളാക്കി തിരിച്ചെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ അറിയിച്ചു. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും ഫോറന്‍സിക് പരിശോധനകള്‍ നടത്തിയും പ്രതികളെ കണ്ടെത്താനുള്ള ശ്രമം മടക്കുന്നുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരെ ഉടന്‍ തന്നെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

