കാലിത്തീറ്റ കുംഭകോണ കേസ്: ലാലു പ്രസാദ് യാദവിന് വീണ്ടും തിരിച്ചടി; അഞ്ച് വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസില്‍ മുഖ്യപ്രതിയായ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അദ്ധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് തടവ് ശിക്ഷ. അഞ്ച് വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയുമാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചത്. പൊതു ഖജനാവില്‍ നിന്നും 950 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ 170 കുറ്റപത്രങ്ങളാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ലാലു പ്രസാദിനെ കൂടാതെ മുന്‍ എം.പി ജഗദീഷ് ശര്‍മ്മ, അന്നത്തെ പബ്‌ളിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ചെയര്‍മാന്‍ ധ്രുവ് ഭഗത് തുടങ്ങി നിരവധി പ്രധാന ഉദ്യോഗസ്ഥരായിരുന്നവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

2013ല്‍ കാലിത്തീറ്റ കുംഭകോണ കേസുകളില്‍ ആദ്യമായി അറസ്റ്റിലായ ലാലുവിന് ആ വര്‍ഷം തന്നെ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, ലാലു 2017ല്‍ വീണ്ടും അറസ്റ്റിലാവുകയും 2021 ഏപ്രിലില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തു. അഞ്ചാമത് കാലിത്തീറ്റ കേസില്‍ ലാലുവും മറ്റ് 75 പേരും കുറ്റക്കാരാണെന്ന് കഴിഞ്ഞ തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. ആറ് സ്ത്രീകള്‍ ഉള്‍പ്പടെ 24 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ ജഡ്ജി എസ്.കെ ഷാഷി വിട്ടയച്ചു. ലാലുവിന്റെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് വേണമെന്ന് അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

1996 ജനുവരിയില്‍ മൃഗസംരക്ഷണ വകുപ്പില്‍ നടന്ന പരിശോധനയിലാണ് കോടികളുടെ അഴിമതി നടന്നതായി സൂചനകള്‍ ലഭിച്ചത്. 1997ല്‍ സിബിഐ ലാലു പ്രസാദ് യാദവിനെയും മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെയും പ്രതികളായി ചേര്‍ത്തു. 2013ല്‍ കോടതി ഇവരെയുള്‍പ്പടെ 47 പേരെ പ്രതികളായി ശിക്ഷ വിധിച്ചു. കേസ് വിചാരണവേളയില്‍ പ്രതിയായിരുന്ന ജഗന്നാഥ് മിശ്രയടക്കം 55 പ്രതികള്‍ മരിച്ചു. ആറുപേര്‍ ഇപ്പോഴും ഒളിവിലാണ്. ദുംക, ദിയോഘര്‍, ചിബാസ ട്രഷറികളുമായി ബന്ധപ്പെട്ട മറ്റ് നാല് കേസുകളിലായി ലാലുവിന് 14 വര്‍ഷം തടവും 60 ലക്ഷം പിഴയും കോടതി വിധിച്ചിരുന്നു.