ഇളയരാജയുടെ ഗാനങ്ങൾ ഉപയോഗിക്കരുത്; നാലു സംഗീതവിതരണ സ്ഥാപനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കോടതി

ചെന്നൈ: സംഗീതസംവിധായകൻ ഇളയരാജ ഈണം നൽകിയ ഗാനങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് നാലു സംഗീതവിതരണ സ്ഥാപനങ്ങൾക്ക് വിലക്ക്. മദ്രാസ് ഹൈക്കോടതിയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഈ കമ്പനികളുമായുണ്ടാക്കിയ കരാർ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഇളയരാജ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി. എക്കോ, അഗി മ്യൂസിക്, യുനിസെസ്, ഗിരി ട്രേഡിങ് എന്നീ സ്ഥാപനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്.

ഇതുസംബന്ധിച്ച ഹർജി നേരത്തെ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഇളയരാജ ഹർജിയിലാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. പകർപ്പവകാശ നിയമം പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് ഹർജി തള്ളിയതെന്നും ഇത് തനിക്ക് വലിയ നഷ്ടത്തിന് കാരണമായെന്നുമായിരുന്നു ഡിവിഷൻ ബെഞ്ചിന് മുമ്പാകെ ഇളയരാജ അറിയിച്ചത്. അതേസമയം ബന്ധപ്പെട്ട സംഗീത വിതരണ സ്ഥാപനങ്ങളിൽ നിന്ന് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മാർച്ച് 21 ന് ഹർജി വീണ്ടും പരിഗണിക്കും.