പുതിയ മദ്യശാലകൾ തുറക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് വി എം സുധീരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി കൂടുതൽ മദ്യശാലകൾ തുറക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി എം സുധീരൻ. സംസ്ഥാനത്ത് പുതുതായി 267 തുറക്കാനാണ് സർക്കാരിന്റെ നീക്കം. ഇത് ആപത്കരമാണെന്നും നടപടിയിൽ നിന്നും സർക്കാർ പിന്മാറണമെന്നും വി എം സുധീരൻ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.

മദ്യം മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള മാരകമായ ലഹരിവിപത്തില്‍ നിന്നും നാടിനെയും ജനങ്ങളെയും തലമുറകളെയും രക്ഷിക്കുന്നതിന് പര്യാപ്തമായ നയങ്ങളും നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുവരണം. ഇതേവരെയുള്ള സര്‍ക്കാരിന്റെ തെറ്റുകള്‍ തിരുത്തിയേ മതിയാകൂ. സമൂഹ ദ്രോഹപരമായ മദ്യനയവും തെറ്റായ നടപടികളും പാടേതള്ളിക്കളയാന്‍ തയ്യാറാകുകയും വേണം. ഇതിനെല്ലാം കഴിഞ്ഞില്ലെങ്കില്‍ കേരളത്തെ സര്‍വ്വനാശത്തിലേക്കെത്തിച്ച മന്ത്രിസഭയെന്ന നിലയിലായിരിക്കും പിണറായി മന്ത്രിസഭയെ ചരിത്രം രേഖപ്പെടുത്തുകയെന്ന് ബഹു.മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുവെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു.