‘ദളിത് വിരുദ്ധതയും ദളിത് വേട്ടയും രക്തത്തിലലിഞ്ഞ പാര്‍ട്ടിയാണ് സി പി എം; കെ. സുധാകരന്‍

തിരുവനന്തപുരം: ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ നേതൃത്വം നല്‍കിയ സിപിഎം എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.

‘ദളിത് വിരുദ്ധതയും ദളിത് വേട്ടയും രക്തത്തിലലിഞ്ഞ പാര്‍ട്ടിയാണ് സി പി എം. മധുവിനെ ആള്‍ക്കൂട്ടക്കൊലപാതകം നടത്തിയവരെ സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പാര്‍ട്ടി ഇപ്പോള്‍ ഒരു ദളിത് യുവാവിനെ കൂടി തല്ലിക്കൊന്നിരിക്കുന്നു. ഇനിയെങ്കിലും ദളിത് വിരോധം അവസാനിപ്പിക്കാന്‍ സിപിഎമ്മിനോട് കെപിസിസി ആവശ്യപ്പെടുന്നു. കിഴക്കമ്പലത്ത് യുവാവ് മരിച്ചത് ലിവര്‍ സിറോസിസ് മൂലമെന്ന് പ്രചരിപ്പിച്ച് മൃതദേഹത്തെ പോലും ഭരണപക്ഷ എംഎല്‍എ അപമാനിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തലക്കേറ്റ ക്ഷതമാണെന്ന് വ്യക്തമായിട്ടുണ്ട്. കൊലപാതക രാഷ്ട്രീയത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല. സി പി എം നടത്തിയ ദീപുവിന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്ത സാംസ്‌കാരിക നായകര്‍ കുറ്റകരമായ മൗനം പാലിക്കുകയാണ്. ഭരണകൂടത്തിന്റെ എച്ചില്‍ നക്കി ശിഷ്ടകാലം കഴിയാമെന്ന് കരുതുന്നവര്‍ കടുത്ത അനീതികള്‍ കണ്ടാലും പ്രതികരിക്കില്ല. ജീവിത സാഹചര്യങ്ങളോട് പൊരുതി മുന്നേറുന്ന സമൂഹമാണ് ദളിതരുടേത്. കൊടിയ അനീതികള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദളിത് സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു’- സുധാകരന്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

അതേസമയം, ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെ പോലീസ് കേസെടുത്ത സംഭവം കൊലക്കേസ് അടിമച്ചര്‍ത്താനുള്ള ശ്രമമെന്ന് ട്വന്റി ട്വന്റി കുറ്റപ്പെടുത്തി. സംസ്‌കാര ചടങ്ങ് പോലീസിന്റെ അനുവാദത്തോടെ ആയിരുന്നു. പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാനും കേസ് അട്ടിമറിക്കാനുമാണ് പുതിയ കേസ്. കേസില്‍ ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ മാത്രമാണ് പ്രതികള്‍. സംസ്‌കാര ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുത്തിരുന്നു. എന്നിട്ടും അദ്ദേഹം എന്തുകൊണ്ട് പ്രതിയായില്ല എന്ന് സാബു എം ജേക്കബ് പ്രതികരിച്ചു. സംസ്ഥാനത്തെ ഭരണ പാര്‍ട്ടിക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് മറ്റൊരു നിയമവും ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.