കെഎസ്ഇബിയിൽ വർഷങ്ങളായി പ്രൊമോഷൻ മുടങ്ങിയിരുന്ന തൊഴിലാളികൾക്ക് രണ്ടാഴ്ചയ്ക്കകം പ്രമോഷൻ; മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: കെ എസ് ഇ ബിയിൽ വർഷങ്ങളായി പ്രൊമോഷൻ മുടങ്ങിയിരുന്ന 4190 തൊഴിലാളികൾക്ക് രണ്ടാഴ്ചയ്ക്കകം പ്രമോഷൻ ലഭിക്കും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയാണ് വർഷങ്ങളായി മുടങ്ങി കിടക്കുന്ന കെ എസ് ഇ ബിയിലെ തൊഴിലാളി വിഭാഗത്തിന്റെ പ്രമോഷന് വഴി തുറന്നത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം എല്ലാ യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. തുടർന്ന് സുപ്രീം കോടതിയിലെ കേസ് അതിവേഗം പരിഗണനയിൽ കൊണ്ട് വരുന്നതിനുള്ള ഇടപെടലുകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഈ മാസം ആദ്യ ആഴ്ച തന്നെ കേസ് പരിഗണിക്കുകയും കഴിഞ്ഞ ദിവസം വിധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിധി പഠിച്ച് അർഹതപ്പെട്ട പ്രമോഷനുകൾ രണ്ടാഴ്ചയ്ക്കകം കൊടുക്കാൻ കെ എസ് ഇ ബി ചെയർമാന് നിർദ്ദേശം നൽകിയിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ലൈൻമാൻ 2 ൽ നിന്നും ലൈൻമാൻ 1 ലേക്ക് 3170 പേർക്കും, ലൈൻമാൻ 1 ൽ നിന്ന് ഓവർസീയറിലേക്ക് 830 പേർക്കും, ഓവർസീയർ / മീറ്റർ റീഡറിൽ നിന്ന് സബ് എഞ്ചിനീയറിലേക്ക് 90 പേർക്കും സബ് എഞ്ചിനീയറിൽ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയറിലേക്ക് 140 പേർക്കും ഇങ്ങനെ മൊത്തം 4190 പേർക്ക് പ്രമോഷൻ കിട്ടുമെന്ന് കെ എസ് ഇ ബിയിൽ നിന്ന് ലഭിച്ച കണക്കുകളിൽ നിന്നും മനസ്സിലാക്കുന്നു. വർഷങ്ങളായി മുടങ്ങിയിരുന്ന പ്രമോഷനുകൾ ലഭിക്കുന്നത് ജീവനക്കാർക്ക് ഒരു പുത്തനുണർവ്വ് നൽകുമെന്നതിൽ സംശയമില്ല. ഇത് കെ എസ് ഇ ബിയുടെ മൊത്തത്തിലുള്ള പ്രവർത്തനത്തിലും പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.