തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തിനകം 15,000 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കാലയളവില്‍ 200 കോടി രൂപയുടെ നിക്ഷേപം വരുമെന്നാണ് പ്രതീക്ഷ. ഇതിനായി സ്റ്റാര്‍ട്ടപ്പ് പാര്‍ക്ക്, ഇന്നൊവേഷന്‍ ടെക്‌നോളജി ലാബുകള്‍, ഇന്‍ക്യുബേറ്റര്‍ എന്നിവ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതോടെ രണ്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സ്റ്റാര്‍ട്ടപ്പ് സംരഭകരുടെ ആഗോള വെര്‍ച്വല്‍ ഉച്ചകോടി ‘ഹഡില്‍ ഗ്ലോബല്‍ 2022’ ല്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
കൊച്ചിയിലെ ടെക്‌നോളജി ഇന്നൊവേഷന്‍ സോണ്‍ മാതൃകയില്‍ തിരുവനന്തപുരത്ത് എമര്‍ജിംഗ് ടെക്‌നോളജീസ് സ്റ്റാര്‍ട്ടപ്പ് ഹബ്ബ് സ്ഥാപിക്കുന്നത് പരിഗണനയിലാണ്. ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സെന്റര്‍, യംഗ് ഇന്നൊവേഷന്‍ പ്രോഗ്രാം, മികവിന്റെ കേന്ദ്രങ്ങള്‍, ഫണ്ട് ഓഫ് ഫണ്ട് പദ്ധതികള്‍, സര്‍ക്കാര്‍ വിപണി എന്നിവ കേരളത്തിന്റെ പ്രത്യേകതകളാണ്. 2015ന് ശേഷം 3200 കോടിയുടെ നിക്ഷേപം സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ആകര്‍ഷിക്കാനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

