നിയമന വിവാദത്തിന് പിന്നില്‍ എം. ശിവശങ്കറാണെന്ന ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്ത്. ശിവശങ്കര്‍ തന്റെ ജീവിതം തകര്‍ക്കുകയാണ്. ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. ആര്‍എസ്എസ് എന്താണെന്ന് അറിയില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പറ്റിയും അറിയില്ല. ഇഞ്ചിഞ്ചായി കൊല്ലുന്നതിലും നല്ലത് വിഷം നല്‍കി തന്നെ കൊല്ലുന്നതാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.
തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും താന്‍ ഉപദ്രവിക്കുമെന്ന പേടിയാണ് വിമര്‍ശകര്‍ക്കെന്നും സ്വപ്‌ന പ്രതികരിച്ചു. സുഹൃത്തായ അനില്‍ വഴിയാണ് ജോലി ലഭിച്ചത്. അല്ലാതെ ബിജെപിക്കോ ആര്‍എസ്എസിനോ നിയമനത്തില്‍ പങ്കില്ലെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി. കുടുംബം നോക്കാന്‍ ജോലി അത്യാവശ്യം ആണ്. വിവാദങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും അവര്‍പറഞ്ഞു.
ഡല്‍ഹി ആസ്ഥാനമായ എച്ച്ആര്‍ഡിഎസ് എന്ന സന്നദ്ധസംഘടനയില്‍ സിഎസ്ആര്‍ ഡയറക്ടറായി വെള്ളിയാഴ്ച രാവിലെയാണ് സ്വപ്‌ന സുരേഷ് ജോലിയില്‍ പ്രവേശിച്ചത്. സ്വകാര്യ എന്‍ജിഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോയിന്‍ ചെയ്തത്. പാലക്കാട് അട്ടപ്പാടിയില്‍ അടക്കം ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസിനായി വിദേശ കമ്പനികളില്‍ നിന്ന് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുന്നതാണ് സ്വപ്ന സുരേഷിന്റെ ജോലി.

