ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ പ്രിയദർശിനി രാംദാസാകാൻ നയൻതാര; ചിത്രങ്ങൾ പുറത്ത്

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മലയാള ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദർ. ചിരഞ്ജീവി നായകനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് നയൻതാരയാണ്. ചിത്രത്തിലെ നയൻതാരയുടെ ലുക്ക് സംവിധായകൻ മോഹൻരാജ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. തന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം പുറത്തുവിട്ട ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. നയൻതാരയ്‌ക്കൊപ്പമുളള സിനിമയുടെ പ്രധാന ഷെഡ്യൂൾ പൂർത്തിയായ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചു.

എസ്. തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ഇത് മൂന്നാം തവണയാണ് നയൻതാരയും സംവിധായകൻ മോഹൻരാജയും ഒന്നിച്ച് പ്രവർത്തിക്കുന്നത്. അതേസമയം ലൂസിഫർ തെലുങ്കിലെത്തുമ്പോൾ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹൻരാജ നേരത്തെ വ്യക്തമാക്കിയിരുന്നു. സത്യദേവ് കഞ്ചരണയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ഛായാഗ്രഹണം നിരവ് ഷായും എഡിറ്റിങ് ശ്രീകർ പ്രസാദുമാണ് നിർവ്വഹിക്കുന്നത്.