പ്രതിസന്ധികളില്‍ ആടിയുലഞ്ഞ് സംസ്ഥാനത്തെ കയര്‍ മേഖല. ഉത്പാദനം കുറഞ്ഞതും നേരത്ത നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ കെട്ടികിടക്കുന്നതുമാണ് നിലവിലുള്ള പ്രതിസന്ധിക്ക് കാരണം.
ആനുകൂല്യങ്ങളും കയറ്റുമതി ഓര്‍ഡറുകളുമെല്ലാം സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ മാത്രമാണെന്നാണ് കയര്‍ മേഖലയെ ആശ്രയിച്ച് കഴിയുന്നവര്‍ പറയുന്നത്. സേവന വേതന വ്യവസ്ഥകളിലെ പ്രശ്നങ്ങളും ഉല്‍പ്പാദനത്തിനു അനുസരിച്ച് വിപണി കണ്ടെത്താന്‍ കഴിയാത്തതും മേഖലയെ പ്രതിസന്ധിയിലാക്കി. സംസ്ഥാനത്ത് അറുന്നൂറോളം കയര്‍പിരി സംഘങ്ങള്‍ ഉണ്ട്. ഇതില്‍ ചേര്‍ത്തല അമ്പലപ്പുഴ കാര്‍ത്തികപള്ളി താലൂക്കുകളില്‍ മാത്രം 335 എണ്ണമാണുള്ളത്. ഇവ ഉത്പാദിപ്പിക്കുന്ന കയര്‍ കെട്ടികിടക്കുകയാണെന്നും കയര്‍ ഫെഡിന് വിറ്റതും കെട്ടിക്കിടക്കുന്നുണ്ടെന്നും കയര്‍ തൊഴിലാളികള്‍ പറയുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് കയര്‍ കിട്ടുന്നതിനാലാണ് വലിയ കയര്‍ കമ്പനികള്‍ കേരളത്തില്‍ നിന്ന് വാങ്ങാത്തതെന്നാണ് പ്രധാന കാരണമായി തൊഴിലാളികള്‍ അഭിപ്രായപ്പെടുന്നത്. വരാനിരിക്കുന്ന സംസ്ഥാന ബജറ്റില്‍ കയര്‍ മേഖലയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ചെറു സംഘങ്ങളില്‍ നിന്ന് കയര്‍ ഫെഡ് വാങ്ങിയ ഉല്‍പ്പന്നങ്ങളുടെ കോടിക്കണക്കിന് രൂപ കുടിശ്ശിക ഇനിയും കിട്ടാനുണ്ട്. കയര്‍ കോര്‍പ്പറേഷന്‍ കയര്‍ഫെഡ് തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളിലെ കെടുകാര്യസ്ഥതയാണ് സ്ഥിതി വഷളാക്കിയത്. ഇതിനിടെ എഐടിയുസി പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്.

