സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിൽ ദീപുവിന്റെ തലച്ചോറിന് ക്ഷതമേറ്റു; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ മരണപ്പെട്ട ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. സിപിഎം പ്രവർത്തകരുടെ മർദ്ദനത്തിൽ ദീപുവിന്റെ തലച്ചോറിന് ക്ഷതമേറ്റിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

തലച്ചോറിന്റെ രണ്ടിടത്തായാണ് ക്ഷതമേറ്റത്. തുടർന്ന് തലച്ചോറിൽ രക്തസ്രാവവും ഉണ്ടായി. ഇത് നിയന്ത്രിക്കാൻ കഴിയാത്തതാണ് മരണത്തിലേക്ക് നയിച്ചത്. ദീപുവിന് കരൾ രോഗം ഉണ്ടായതും മരത്തിന്റെ ആക്കം കൂട്ടിയതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്. ദീപുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ എഫ്‌ഐആറും പുറത്തു വന്നു. ട്വന്റി-20 യിൽ പ്രവർത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പ്രതികൾ സിപിഎം. പ്രവർത്തകരാണെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടുന്നു.

കേസിൽ ഒന്നാം പ്രതിയായ സൈനുദ്ദീൻ ദീപുവിന്റെ കഴുത്തിന് പിടിച്ചു. താഴെവീണ ദീപുവിന്റെ തലയിൽ ഇയാൾ പലതവണ ചവിട്ടി. ഈ സമയം മറ്റുപ്രതികൾ ദീപുവിന്റെ ശരീരത്തിൽ മർദിക്കുകയായിരുന്നുവെന്നും എഫ്‌ഐആറിൽ പറഞ്ഞിട്ടുണ്ട്. കേസിൽ അറസ്റ്റിലായ നാലു പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ദീപുവിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചത്. ട്വന്റി ട്വന്റിയുടെ നേതൃത്വത്തിൽ നടന്ന വിളക്കണയ്ക്കൽ സമരവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലാണ് ദീപുവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. കുന്നത്തുനാട് എം എൽ എ ശ്രീനിജനെതിരെയായിരുന്നു ട്വന്റി ട്വന്റി വിളക്കണക്കൽ സമരം സംഘടിപ്പിച്ചത്.

മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപു ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മരിച്ചത്.