മലപ്പുറം: മലപ്പുറത്ത് ഷിഗല്ല ബാധ റിപ്പോർട്ട് ചെയ്തതായി സംശയം. മലപ്പുറം പുത്തനത്താണിയിലെ ഏഴ് വയസുകാരന്റെ മരണ കാരണം ഷിഗല്ലയെന്നാണ് ഡോക്ടർമാർ സംശയിക്കുന്നത്. ഇതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസമാണ് പുത്തനത്താണിയിലെ ഏഴ് വയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വയറിളക്ക രോഗത്തെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ലാ രോഗം പടരുന്നത്. മഴ മൂലം മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതാണ് രോഗത്തിന് ഇടയാക്കുന്നത്. കഠിനമായ പനി കൂടി വരുന്നതുകൊണ്ട് രോഗം മൂർച്ഛിക്കുകയും ചെയ്യും. വയറിളക്കത്തിന് പുറമെ വയറുവേദന, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളും പ്രകടമാക്കും.

