ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മോശം ഹൈവേകൾ കണ്ടെത്താനുള്ള അഭിപ്രായ സർവേയിൽ ഒന്നാം സ്ഥാനത്ത് കേരളം. സ്വകാര്യ ഓട്ടോമൊബൈൽ വെബ്‌സൈറ്റായ ടീം ബി എച്ച് പിയുടെ ഓൺലൈൻ സർവേയിലാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. അതേസമയം വടക്ക് കിഴക്ക് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന മലയോര മേഖലകളെ അവരുടെ പ്രത്യേക സാഹചര്യങ്ങൾ കാരണം സർവ്വേയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഒരു സംസ്ഥാനം വഴി ചുരുങ്ങിയത് 500 കിലോമീറ്റർ എങ്കിലും യാത്ര ചെയ്തവർ മാത്രമായിരിക്കണം സർവേയിൽ പങ്കെടുക്കേണ്ടതെന്നായിരുന്നു ടീം ബി എച്ച് പി നൽകിയ നിർദ്ദേശം. റോഡുകൾക്കുള്ള വീതി, സുരക്ഷിതത്വം, യാത്രാസുഖം, പൊതുശൗചാലയ സൗകര്യങ്ങൾ, ഡ്രൈവിംഗ് സംസ്‌കാരം, സ്ട്രീറ്റ് ലൈറ്റ്, സൈൻ ബോർഡുകൾ തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കണം സർവേയിൽ പങ്കെടുക്കുന്നവർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തേണ്ടതെന്നും പ്രകൃതി സൗന്ദര്യം മുതലായ ഘടകങ്ങളെ പൂർണമായും ഒഴിവാക്കി വേണം അഭിപ്രായം അറിയിക്കേണ്ടതെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ റോഡ് സാഹചര്യങ്ങളാണ് ഏറ്റവും മോശമെന്ന് സർവേയിൽ പങ്കെടുത്തവരിൽ 38.12 ശതമാനം പേരും പറയുന്നു. മോശം റോഡുകളിൽ രണ്ടാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. 29.11 ശതമാനം പേരാണ് മഹാരാഷ്ട്രയിലെ റോഡുകൾ മോശമാണെന്ന് പറയുന്നത്. തമിഴ്‌നാട്ടിലാണ് രാജ്യത്തെ ഏറ്റവും മികച്ച റോഡുകളെന്നും സർവ്വേ അഭിപ്രായപ്പെടുന്നു. 0.56 ശതമാനം പേർ മാത്രമാണ് തമിഴ്‌നാട്ടിലെ റോഡുകൾ മോശമാണെന്ന അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളത്.

