ഐഎസ്എല്‍: കേരളാ ബ്ലാസ്റ്റേഴ്‌സ്-എടികെ മോഹന്‍ ബഗാന്‍ മത്സരം സമനിലയില്‍

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍ ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിന് എടികെ മോഹന്‍ ബഗാനെതിരെ സമനില. ആദ്യ പകുതിയില്‍ ഇരു ടീമകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ച മത്സരത്തില്‍ രണ്ടാം പകുതിയില്‍ ലീഡെടുത്ത ബ്ലാസ്റ്റേഴ്‌സ് ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റ് വരെ ലീഡ് കാത്തെങ്കിലും വിജയം പിടിച്ചെടുക്കാനായില്ല. ബ്ലാസ്റ്റേഴ്‌സിനായി ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ രണ്ട് ഗോളുകളും നേടിയപ്പോള്‍ ഡേവിഡ് വില്യംസും ജോണി കൗക്കോയുമായിരുന്നു എടികെയുടെ സ്‌കോറര്‍മാര്‍.

ആദ്യ പകുതിയുടെ തുടക്കത്തില്‍ അഡ്രിയാന്‍ ലൂണയുടെ ഫ്രി കിക്ക് ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്‌സിനെ തൊട്ടടുത്ത നിമിഷം നടത്തിയ പ്രത്യാക്രമണത്തില്‍ ഡേവിഡ് വില്യംസിന്റെ ഗോളിലൂടെ എടികെ സമനിലയില്‍ തളച്ചു. രണ്ടാം പകുതിയില്‍ ബോക്‌സിനകത്തു നിന്ന് ലൂണ നേടിയ മഴവില്‍ ഗോളില്‍ വീണ്ടും മുന്നിലെത്തിയ മഞ്ഞപ്പടയെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം(90+7)മിനിറ്റില്‍ ജോണി കൗക്കോ നേടിയ ഗോളില്‍ എടികെ സമനിലയില്‍ തളക്കുകയായിരുന്നു.

നാടകീയമായ രണ്ടാം പകുതിയുടെ അവസാന നിമിഷം സമനില ഗോളിനായി എടികെയും വിജയത്തിനായി ബ്ലാസ്റ്റേഴ്‌സും പൊരുതിയതോടെ റഫറിക്ക് നിരവധി കാര്‍ഡുകള്‍ പുറത്തേടുക്കേണ്ടിവന്നു. ഇഞ്ചുറി ടൈമില്‍ എടികെയുടെ പ്രബീര്‍ ദാസ് ചുവപ്പു കാര്‍ഡ് കണ്ടപ്പോള്‍ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം റഫറിയോട് കയര്‍ത്തതിന് സൈഡ് ബെഞ്ചിലിരിക്കുകയായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ജോര്‍ജെ പെരേര ഡയസിനും എടികെയുടുെ കോച്ചിംഗ് സ്റ്റാഫിനും ചുവപ്പ് കാര്‍ഡ് ലഭിച്ചു.