കൊച്ചി: പോലീസ് സേനയില്‍ സ്ത്രീ ഓഫീസര്‍മാര്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ‘ഒരു ഡിഐജി വനിതാ എസ് ഐയെ ദുരുപയോഗം ചെയ്തത് നേരിട്ടറിയാം. മാഡം ഒന്ന് രക്ഷിക്കണമെന്ന് പറഞ്ഞ് അവര്‍ കരഞ്ഞിട്ടുണ്ട്. ഡിഐജി പോലീസ് ക്ലബില്‍ വന്നാല്‍ അവരെ വിളിപ്പിക്കും. ഏത് പുരുഷ മേധാവിയോട് അവര്‍ക്കിത് പറയാന്‍ കഴിയും. ഒരു സ്ത്രീയായതു കൊണ്ടാണ് എന്നോട് പറഞ്ഞത്’-ശ്രീലേഖ പറഞ്ഞു.
കടുത്ത ആക്ഷേപങ്ങളാണ് ഒരു സ്ത്രീയെന്ന നിലയില്‍ സേനയില്‍ നിന്നും നേരിടേണ്ടി വന്നത്. ആദ്യത്തെ പത്ത് വര്‍ഷം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. മാനസിക പീഡനം സഹിക്കാനാകാതെ രാജി വയ്ക്കാന്‍ വരെ ഒരുങ്ങി. സീനിയര്‍ ഓഫീസര്‍മാര്‍ അത്ര ദ്രോഹിക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ജയില്‍ ഡിജിപിയായിരിക്കേ ആലുവ ജയിലില്‍ നടന്‍ ദിലീപിന് നല്‍കിയത് റിമാന്‍ഡ് പ്രതിക്കുള്ള മാനുഷിക പരിഗണന മാത്രമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി,
ക്രമസമാധാന ചുമതലയുള്ള ഡിജിപിയാകാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട്. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസര്‍ ആണ് ഞാന്‍. അവഗണനയില്‍ പ്രതിഷേധിച്ചാണ് ഫയര്‍ ഫോഴ്‌സ് ഡിജിപി ആയിരുന്നപ്പോള്‍ യാത്ര അയപ്പ് വേണ്ടെന്ന് വച്ചത്. യാത്ര അയപ്പ് തരുന്നുണ്ടെങ്കില്‍ സേന നിരന്ന് നിന്ന് സല്യൂട്ട് തരേണ്ടിയിരുന്നു. അല്ലാതെ പോലീസ് അസോസിയേഷന്റെ പെട്ടിയോ ഗിഫ്ടോ തനിക്ക് വേണ്ടെന്നും മുന്‍ ഡിജിപി കൂട്ടിച്ചേര്‍ത്തു.

