തിരുവനന്തപുരം: ആവശ്യമില്ലാത്ത ആര്‍ഭാടമാണ് ഗവര്‍ണര്‍ എന്ന രൂക്ഷ വിമര്‍ശനവുമായി വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത്. 157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നതെന്നും കാനം ചോദിച്ചു. മൂന്നാറിലേക്കും ലക്ഷദ്വീപിലേക്കും ഗവര്‍ണര്‍ നടത്തിയ യാത്രയുടെ ചെലവിനെ കുറിച്ച് ഞങ്ങളാരും ഒന്നും ചോദിക്കുന്നില്ലല്ലോ. വിവരാവകാശ നിയമം ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചാല്‍ ചെലവിന്റെ വിവരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ ഒരു ഭരണഘടനാ സ്ഥാപനമാണ്. അദ്ദേഹത്തിന്റെ ജോലികള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതിനപ്പുറത്തേക്ക് കടന്നുള്ള പ്രതികരണങ്ങളെ ഗൗരവമായി എടുക്കേണ്ടതില്ല. ഗവര്‍ണര്‍ക്ക് എന്തും പറയാം എന്ന് ചിന്തിക്കുന്നതു കൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്. ഭരണഘടനയുടെ 176-ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാന മന്ത്രിസഭ പാസാക്കികൊടുക്കുന്ന നയപ്രഖ്യാപനം വായിക്കാന്‍ ബാധ്യതപ്പെട്ടയാളാണ് ഗവര്‍ണര്‍. ആ ബാധ്യത അദ്ദേഹം നിര്‍വഹിക്കേണ്ടതാണ്. അതു ചെയ്തില്ലെങ്കില്‍ രാജിവെച്ച് പോകേണ്ടി വരും-കാനം പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫിന്റെ കാര്യത്തില്‍ ഇടപെടാന്‍ അദ്ദേഹത്തിന് ഒരു അധികാരവുമില്ലെന്നും അത് എക്സിക്യൂട്ടീവിന്റെ അധികാരത്തില്‍ പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗവര്‍ണറുടെ വിലപേശലിന് സര്‍ക്കാര്‍ വഴങ്ങിയത് ശരിയായില്ലെന്നും അതൊരു വില കുറഞ്ഞ നടപടിയാണെന്നും കാനം നേരത്തെ പ്രതികരിച്ചിരുന്നു.

