ആധാർ കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി; 10,000 രൂപ മുതൽ 1 കോടി രൂപ വരെ പിഴ

ന്യൂഡൽഹി: ആധാർ കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി. കുറ്റക്കാരിൽ നിന്നും 10,000 രൂപ മുതൽ 1 കോടി രൂപ വരെ പിഴ ഈടാക്കും. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. തെറ്റായ വിവരങ്ങൾ നൽകിയാൽ മൂന്നു വർഷം വരെ തടവു ശിക്ഷയും ലഭിക്കും.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ആധാർ ഡേറ്റ ദുരുപയോഗം ചെയ്യുന്നതിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഇത്തരം കേസുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ആധാർ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ വൻ തുക പിഴ ചുമത്താൻ യുഐഡിഎഐക്ക് നേരത്തെ അനുമതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കാൻ യുഐഡിഎഐ തീരുമാനിച്ചത്. ആധാർ നിയമം ലംഘിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കാൻ 2021 നവംബറിൽ യുഐഡിഎഐയോട് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു.

ഇതുസംബന്ധിച്ച് 2021 നവംബർ 2 ന് യുഐഡിഎഐ നിയമങ്ങൾ വിജ്ഞാപനം ചെയ്തിരുന്നു. രാജ്യത്തെ നിയമമോ യുഐഡിഎഐയുടെ നിർദേശങ്ങളോ പാലിക്കുന്നതിൽ ഒരു സ്ഥാപനമോ, വ്യക്തിയോ പരാജയപ്പെട്ടാൽ പരാതി നൽകാം. പരാതി ആധാറുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും ആവശ്യമായ വിവരങ്ങൾ യുഐഡിഎഐയ്ക്ക് കൈമാറുകയും ചെയ്യണമെന്നാണ് നിർദ്ദേശം.

തെറ്റായ ജനസംഖ്യാ വിവരങ്ങളോ ബയോമെട്രിക് വിവരങ്ങളോ നൽകി ആൾമാറാട്ടം നടത്തുന്നത് കുറ്റകരമാണ്. ഇത്തരക്കാർക്ക് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും ലഭിക്കും. ആധാർ നമ്പർ ഉടമയുടെ ഡെമോഗ്രാഫിക്, ബയോമെട്രിക് വിവരങ്ങൾ മാറ്റി മറ്റൊരാളുടെ വിവരങ്ങൾ ചേർത്ത് ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഇതിന് മൂന്നു വർഷം തടവും 10,000 രൂപ പിഴയും ലഭിക്കുമെന്നും യുഐഡിഎഐ മുന്നറിയിപ്പ് നൽകുന്നു.