തിരുവനന്തപുരം: കെഎസ്ഇബിയിലെ ഇടത് ട്രേഡ് യൂണിയനുകളുടെ അനിശ്ചിതകാല സമരം ഒത്തുതീർപ്പായി. എസ്‌ഐഎസ്എഫ് സെക്യുരിറ്റി വിന്യാസത്തിൽ ഇറക്കിയ ഉത്തരവ് പിൻവലിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് തീരുമാനം. കെഎസ്ഇബി ആസ്ഥാനത്തെ രണ്ട് ഓഫീസുകളിൽ മാത്രമായി എസ്‌ഐഎസ്എഫ് സെക്യുരിറ്റി ചുരുക്കും. ഗേറ്റുകൾ, പ്രധാനകവാടം, ചെയർമാന്റെ ഓഫീസ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്ന് എസ്‌ഐഎസ്എഫിനെ ഒഴിവാക്കാനാണ് തൊഴിലാളികളുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചത്. ഉന്നയിച്ച വിഷയങ്ങളിൽ തുടർ ചർച്ചകൾ നടത്താമെന്ന ഉറപ്പ് ലഭിച്ചെന്നും തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. കെ എസ് ഇ ബിയിൽ വർഷങ്ങളായി പ്രൊമോഷൻ മുടങ്ങിയിരുന്ന 4190 തൊഴിലാളികൾക്ക് രണ്ടാഴ്ചയ്ക്കകം പ്രമോഷൻ ലഭിക്കും.
അതേസമയം കെഎസ് ഇബി തൊഴിലാളി സമരം ചരിത്ര വിജയമാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ചെയർമാനും ബോർഡും തൊഴിലാളികളും കെഎസ് ഇബിയ്ക്ക് വേണ്ടി തന്നെയാണ് പ്രവർത്തിക്കുന്നത്. രണ്ട് കൂട്ടരുടേയും പരാതികൾ അന്വേഷിച്ച് പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. കെ എസ് ഇ ബിയിൽ വർഷങ്ങളായി പ്രൊമോഷൻ മുടങ്ങിയിരുന്ന 4190 തൊഴിലാളികൾക്ക് രണ്ടാഴ്ചയ്ക്കകം പ്രമോഷൻ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന വിധി വർഷങ്ങളായി മുടങ്ങി കിടക്കുന്ന കെ എസ് ഇ ബിയിലെ തൊഴിലാളി വിഭാഗത്തിന്റെ പ്രമോഷന് വഴി തുറന്നിരിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം എല്ലാ യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. തുടർന്ന് സുപ്രീം കോടതിയിലെ കേസ് അതിവേഗം പരിഗണനയിൽ കൊണ്ട് വരുന്നതിനുള്ള ഇടപെടലുകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഈ മാസം ആദ്യ ആഴ്ച തന്നെ കേസ് പരിഗണിക്കുകയും ഇന്നലെ വിധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വിധി പഠിച്ച് അർഹതപ്പെട്ട പ്രമോഷനുകൾ രണ്ടാഴ്ചയ്ക്കകം കൊടുക്കാൻ കെ എസ് ഇ ബി ചെയർമാന് നിർദ്ദേശം നൽകിയിട്ടുണ്ട്.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ലൈന്മാൻ 2 ൽ നിന്നും ലൈന്മാൻ 1 ലേക്ക് 3170 പേർക്കും, ലൈന്മാൻ 1 ൽ നിന്ന് ഓവർസീയറിലേക്ക് 830 പേർക്കും, ഓവർസീയർ / മീറ്റർ റീഡറിൽ നിന്ന് സബ് എഞ്ചിനീയറിലേക്ക് 90 പേർക്കും സബ് എഞ്ചിനീയറിൽ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയറിലേക്ക് 140 പേർക്കും ഇങ്ങനെ മൊത്തം 4190 പേർക്ക് പ്രമോഷൻ കിട്ടുമെന്ന് കെ എസ് ഇ ബിയിൽ നിന്ന് ലഭിച്ച കണക്കുകളിൽ നിന്നും മനസ്സിലാക്കുന്നു. വർഷങ്ങളായി മുടങ്ങിയിരുന്ന പ്രമോഷനുകൾ ലഭിക്കുന്നത് ജീവനക്കാർക്ക് ഒരു പുത്തനുണർവ്വ് നൽകുമെന്നതിൽ സംശയമില്ല. ഇത് കെ എസ് ഇ ബിയുടെ മൊത്തത്തിലുള്ള പ്രവർത്തനത്തിലും പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

