അഹമ്മദാബാദ് സ്ഫോടന കേസ്; പ്രതികളിൽ മലയാളി സഹോദരന്മാരും, ലക്ഷ്യമിട്ടത് മോദിയേയും അമിത് ഷായേയും

കോട്ടയം: അഹമ്മദാബാദ് സ്ഫോടന കേസിലെ പ്രതികൾക്ക് കഴിഞ്ഞ ദിവസം കോടതി വധശിക്ഷ വിധിച്ചിരുന്നു. മലയാളി സഹോദരങ്ങൾ ഉൾപ്പെടെയുള്ള പ്രതികളെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഈരാറ്റുപേട്ട പീടിയേക്കൽ പി.എ. ഷിബിലി, അനിയൻ പി.എ. ശാദുലി എന്നിവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഠിനതടവ് അനുഭവിക്കുന്നത്. വാഗമണിലെ ആയുധ പരിശീലന ക്യാമ്പിന്റെ പേരിലാണ് ഇവർ ശിക്ഷിക്കപ്പെട്ടത്.

ഐ.ടി പ്രൊഫഷണലായ ഷിബിലിയും ഇലക്ട്രോണിക്‌സ് എൻജിനിയറായ ശാദുലിയും ഭീകരപ്രവർത്തനത്തിന് അറസ്റ്റിലാകുമ്പോഴാണ് നാട്ടുകാർക്ക് ഇവരെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നത്. കമ്പ്യൂട്ടർ ആൻഡ് ഹാർഡ്വെയറിൽ ഡിപ്ലോമയ്ക്ക് ശേഷം ഷിബിലി തിരുവനന്തപുരത്തും ബംഗളുരുവിലും വിവിധ കമ്പനികളിൽ ജോലി ചെയ്തു. എന്നാൽ പിന്നീട് ഇയാൾ മുംബൈയിലേക്ക് മാറി. 2008 മാർച്ച് 26 ന് കേരളത്തിൽ നിന്ന് ഇൻഡോറിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാൾ അറസ്റ്റിലാകുന്നത്.

വിവിധ സംഘടനകളുടെ ഭാഗമായിരുന്നെങ്കിലും നാട്ടിൽ ഇരുവരും ശാന്തസ്വഭാവക്കാരായിട്ടാണ് കാണപ്പെട്ടിരുന്നത്. വാഗമൺ സിമി ക്യാമ്പിലായിരുന്നു രാജ്യത്തെ വിവിധ സ്‌ഫോടന പരമ്പരകളുടെ ആസൂത്രണം നടത്തിയിരുന്നതെന്നാണ് എൻഐഎ കണ്ടെത്തിയത്. 2007 ഡിസംബർ 10 മുതൽ 22 വരെയാണ് നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) വാഗമണിൽ ആയുധപരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.

അഹമ്മദാബാദ് സ്‌ഫോടന പരമ്പര അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. കൂടുതൽ ആളുകളെ കൊല്ലാൻ പ്രതികൾ ലക്ഷ്യമിട്ടതായും പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. കൂടുതൽ പേരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ രണ്ട് ആശുപത്രികളിലും പ്രതികൾ സ്‌ഫോടനം ആസൂത്രണം ചെയ്തതായി കോടതി അറിയിച്ചു. 7000 പേജുള്ള വിധിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, മുൻ മന്ത്രിയായിരുന്ന അമിത് ഷാ, ആനന്ദിബെൻ പട്ടേൽ, നിതിൻ പട്ടേൽ തുടങ്ങിയവരെ കൊലപ്പെടുത്താനും പ്രതികൾ ലക്ഷ്യമിട്ടിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവർ അന്ന് രക്ഷപ്പെട്ടത്.

സൂറത്തിൽ നിക്ഷേപിച്ച 29 ബോംബുകൾ വഴി കൂടുതൽ ആളുകളെ കൊല്ലാനിട്ട പദ്ധതി ബോംബുകളിലെ സർക്യൂട്ടിലെ തകരാർ കൊണ്ട് മാത്രമാണ് നടക്കാൻ കഴിയാതെ പോയതെന്നും ജിഹാദ് എന്ന പദം വിശുദ്ധമായ ഒന്നാണ്. എന്നാൽ അത് തീവ്രവാദ സംഘടനകൾ തെറ്റായ രീതിയിൽ രാഷ്ട്രത്തിനെതിരായി ഉപയോഗിക്കുകയായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.