കെ-റെയില്‍: പാര്‍ട്ടി ഗ്രാമങ്ങളിലടക്കം പ്രതിഷേധം ശക്തം; മൗനത്തില്‍ സിപിഎമ്മും ഭരണകൂടവും

കണ്ണൂര്‍: സംസ്ഥാനത്തെ കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം കനക്കുന്നു. പാര്‍ട്ടി കൊണ്ടുവരുന്ന പദ്ധതിക്കെതിരെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലെ ജനങ്ങളും പാര്‍ട്ടി അംഗങ്ങളും ഉള്‍പ്പെടെ പ്രതിഷേധവുമായി മുന്നോട്ട് വരുന്നത് നേതൃത്വത്തിന് വലിയ തിരിച്ചടിയാവുകയാണ്. പ്രതിഷേധം ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് കണ്ണൂര്‍ ജില്ലയില്‍ തന്നെ ആദ്യം സര്‍വ്വേ ആരംഭിച്ചത്. എന്നാല്‍, സര്‍ക്കാരിന്റെ കണക്കുകൂട്ടലുകളെല്ലാം സര്‍വ്വേ ആരംഭിച്ചതോടെ പൂര്‍ണമായും തെറ്റിയിരിക്കുകയാണ്.

സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂരിലാണ് സര്‍വ്വേ ആരംഭിച്ചത്. എന്നാല്‍, സ്ത്രീകള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് വരികയും സര്‍വ്വേയോട് നിസ്സഹകരിക്കുകയും ചെയ്തു. പയ്യന്നൂര്‍ കാനം, കുഞ്ഞിമംഗലം, മാടായി, ഏഴോം, ചിറക്കല്‍, കണ്ണൂര്‍ തളാപ്പ്, താണ എന്നിവിടങ്ങളില്‍ കടുത്ത എതിര്‍പ്പുകളുയര്‍ന്നതിന് പുറമെ, സര്‍വ്വേക്കല്ലുകള്‍ പിഴുതു മാറ്റുന്ന അവസ്ഥ വരെ ഉണ്ടായി. പ്രതിഷേധിച്ചവരെ കോടതി റിമാന്‍ഡ് ചെയ്യുന്ന സ്ഥിതിയായി മാറി.

അതേസമയം, സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ മിക്ക സ്ഥലങ്ങളിലും പ്രതികരിക്കാതെ മാറി നില്‍ക്കുന്ന അവസ്ഥയാണുള്ളത്. എന്നാല്‍, പാര്‍ട്ടി അനുഭാവികളും മെമ്പര്‍മാരുമടക്കം പലയിടത്തും പരസ്യമായി സമരരംഗത്ത് സജീവവുമാണ്. കെ-റെയില്‍ പദ്ധതിക്ക് എല്ലാ അനുമതികളും ലഭിച്ചെന്നാണ് സിപിഎം നടത്തുന്ന പ്രചാരണം. സര്‍വ്വേ കല്ലിടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അനുമതി നല്‍കിയതോടെ ഈ പ്രചാരണത്തിന് ശക്തിയേറുകയും ചെയ്തു.