കുമളി: സംസ്ഥാനത്തെ മരംമുറി വിവാദത്തില്‍ നടപടി നേരിട്ട മുന്‍ അടിമാലി റെയ്ഞ്ച് ഓഫീസര്‍ ജോജി ജോണിന്റെ തേ്ക്കടിയിലെ വീട്ടിലും റെസ്റ്റോറന്റിലും വിജിലന്‍സ് റെയ്ഡ്. നിരവധി രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. വരുമാനത്തിന്റെ 304 ഇരട്ടിയോളം ഇയാള്‍ക്ക് സ്വത്തുണ്ടെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക വിലയിരുത്തല്‍.
അടിമാലി റെയ്ഞ്ച് ഓഫീസറായിരിക്കെ മരം മുറിക്കാനായി 62 പാസുകളും നേര്യമംഗലം റെയ്ഞ്ചില്‍ അധിക ചുമതല വഹിക്കവെ 92 പാസുകളും ഇയാള്‍ അനധികൃതമായി നല്‍കിയതായി ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പുറമേ മങ്കുവയിലെ പുറമ്പോക്ക് ഭൂമിയില്‍ നിന്നും തേക്കു തടി വെട്ടി കടത്തിയതായും കണ്ടെത്തി. ഇവയില്‍ ചിലത് തേക്കടിയിലെ റിസോര്‍ട്ടില്‍ നിന്നും കണ്ടെത്തിയതിനു പിന്നാലെ ഇയാളെ വനംവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. പട്ടയഭൂമിയില്‍ നട്ടു വളര്‍ത്തിയ തേക്ക് മരങ്ങള്‍ സ്ഥല ഉടമയ്ക്കു മുറിക്കുന്നതിന് അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവിന്റെ മറവിലായിരുന്നു അടിമാലി, നേര്യമംഗലം മേഖലകളില്‍ വ്യാപകമായ മരം മുറി നടന്നത്.
വിജിലന്‍സ് എറണാകുളം സ്പെഷല്‍ സെല്‍ ഡിവൈ.എസ്.പി: ടി.യു. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. രാവിലെ ഏഴിന് ആരംഭിച്ച പരിശോധന ഉച്ചയ്ക്കു ശേഷമാണ് അവസാനിച്ചത്. സ്വത്ത് സംബന്ധിച്ച രേഖകള്‍, ബാങ്ക് പാസ് ബുക്കുകള്‍, ബാങ്ക് ഇടപാടുകളുടെ രേഖകള്‍ എന്നിവ വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്.

