തിരുവനന്തപുരം: ഭരണഘടനാ ബാധ്യത നിറവേറ്റേണ്ട ഗവര്‍ണര്‍ സര്‍ക്കാരിനോട് വിലപേശിയത് ശരിയായില്ലെന്ന വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസമ്മതിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കാനം. ഗവര്‍ണറുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ സര്‍ക്കാര്‍ നടപടിയെയും അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം വായിക്കാന്‍ ഗവര്‍ണര്‍ ഭരണഘടനാപരമായി ബാധ്യസ്ഥനാണ്. രാജ്ഭവനില്‍ നടക്കുന്നത് അത്ര ശരിയായ നടപടിയല്ലെന്നും കാനം പറഞ്ഞു എന്നാല്‍, മുഖ്യമന്ത്രി രാജ്ഭവന്‍ സന്ദര്‍ശിച്ചതിന്റെ കാരണം അദ്ദേഹത്തിനോട് ചോദിക്കണമെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെയുള്ള വ്യത്യസ്ത അഭിപ്രായം പാര്‍ട്ടി പറഞ്ഞു, ഇനിയും പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. നയപ്രഖ്യാപന വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം നേരത്തെ രംഗത്തു വന്നിരുന്നു. ഗവര്‍ണറും സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. ജനങ്ങളെ കബളിപ്പിക്കുന്ന രീതിയാണ് സര്‍ക്കാരും ഗവര്‍ണറും ചെയ്യുന്നതെന്നും, സര്‍ക്കാരിന്റെ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗവര്‍ണര്‍ കൂട്ടു നില്‍ക്കുകയാണെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു.

