തിരുവനന്തപുരം: മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് കേരളം. മുല്ലപ്പെരിയാർ കേസിലെ വിധി പുനഃപരിശോധിക്കണമെന്നും പുതിയ ഡാം അനിവാര്യമാണെന്നും ആവശ്യപ്പെട്ടാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്. പൊതുതാൽപര്യഹർജികളിൽ വാദം തുടങ്ങാനിരിക്കേ, വാദമുഖങ്ങൾ കേരളം രേഖാമൂലം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. മുതിർന്ന അഭിഭാഷകനായ ജയ്ദീപ് ഗുപ്ത വഴിയാണ് കേരളം വാദമുഖങ്ങൾ രേഖാമൂലം സമർപ്പിച്ചത്.
126 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ ആയുസ് നീട്ടാൻ ബലപ്പെടുത്തൽ നടപടികൾ കൊണ്ട് കഴിയില്ലെന്നും കേരളം കോടതിയെ അറിയിച്ചു. പരിസ്ഥിതി മാറ്റങ്ങളെ കുറിച്ചും സംസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് 142 അടിയാക്കാൻ അനുമതി നൽകിയ 2014 ലെ വിധി പുനഃപരിശോധിക്കണമെന്നും ആവശ്യമെങ്കിൽ വിശാല ബെഞ്ചിന് വിടണമെന്നും കേരളം ആവശ്യപ്പെടുന്നു. കേരളത്തിന് സുരക്ഷയും, തമിഴ്നാടിന് വെള്ളവും ഉറപ്പാക്കുന്നതിനാണ് പരിഹാരശ്രമങ്ങൾ ഉണ്ടാകേണ്ടത്. മേൽനോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കൽ ഉൾപ്പെടെയുള്ള നിർദേശങ്ങളും കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ചു.

