വൈദ്യുതി വകുപ്പിൽ അഴിമതി നടന്നത് എംഎം മണിയുടെ കാലത്ത്; ആര്യാടൻ മുഹമ്മദ്

തിരുവനന്തപുരം: എം എം മണിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകി മുൻവൈദ്യുത മന്ത്രി ആര്യാടൻ മുഹമ്മദ്. വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയത് എൽ ഡി എഫ് ഭരണകാലത്താണെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു. താൻ അഴിമതി കാണിച്ചിട്ടുണ്ടെങ്കിൽ കേസെടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കെഎസ്ഇബിയിൽ കൂടുതൽ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടത്തിയതും ആര്യാടൻ മുഹമ്മദ് മന്ത്രിയായിരുന്നപ്പോഴാണെന്ന എം എം മണിയുടെ പ്രസ്താവനയ്ക്കാണ് അദ്ദേഹം മറുപടി നൽകിയത്.

വൈദ്യുതി വകുപ്പിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അത് എം എം മണിയുടെ കാലത്താണ്. വൈദ്യുതി ക്ഷാമമുണ്ടായപ്പോൾ സ്വകാര്യമേഖലയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിലേക്ക് എൽ ഡി എഫ് സർക്കാർ എത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുൻപ് കേന്ദ്രത്തിന്റെ പ്രത്യേക മാർഗനിർദേശമൊന്നും നിലനിന്നിരുന്നില്ല. പിന്നെയും വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ കരാർ അതേപടി മുന്നോട്ടുകൊണ്ടുപോയെന്നും കരാറിൽ അപാകതയുണ്ടായിരുന്നെങ്കിൽ ഇടത് സർക്കാരിന് കരാർ റദ്ദാക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്യാടൻ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാർ വച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നാണ് എം എം മണി പറഞ്ഞിരുന്നത്. അന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ പേര് പോലും താൻ പരാമർശിച്ചിട്ടില്ലെന്നും ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ വേണമെങ്കിൽ അന്വേഷണം നടത്തട്ടെയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.