കിഴക്കമ്പലം: കിഴക്കമ്പലത്ത് വിളക്കണക്കല്‍ സമരത്തിനിടെ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ ട്വന്റി-20 പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ പ്രതിഷേധം ശക്തം.
ആക്രമണ വിവരം അറിഞ്ഞ് അവിടെയെത്തിയ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ട്വന്റി 20യുടെ അഞ്ചാം വാര്‍ഡ് മെമ്പര്‍ നിഷ പറഞ്ഞു. ‘ദീപു വിളിച്ചതിനെത്തുടര്‍ന്ന് അവിടെ ചെന്നപ്പോള്‍ കണ്ടത് വാര്‍ഡില്‍ തന്നെയുള്ള സിപിഎം പ്രവര്‍ത്തകരായ നാലുപേര്‍ ചേര്‍ന്ന് ദീപുവിനെ മതിലില്‍ ചേര്‍ത്തു പിടിച്ചിരിക്കുന്നതാണ്. എന്താണെന്ന് ചോദിച്ചപ്പോള്‍, ‘ഞങ്ങളാ ടീ തല്ലിയത്, ഞങ്ങള്‍ സിപിഎമ്മുകാരാ ടീ, ഞാനാ തല്ലിയത്’ എന്നുപറഞ്ഞ് ആക്രോശിച്ചു. അഞ്ച് മണിക്കുശേഷം വാര്‍ഡില്‍ ഇറങ്ങിയാല്‍ കാല് വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. ആ സമയത്ത് എം.എല്‍.എ അവിടെ വന്നു. അക്രമത്തില്‍ എം.എല്‍.എക്ക് പങ്കില്ലെങ്കില്‍ എന്തിനാണ് ആ സമയത്ത് എംഎല്‍എ അവിടെ വന്നത്?’– നിഷ പ്രതികരിച്ചു.
എന്നാല്‍, തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പി.വി.ശ്രീനിജന്‍ എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ വസ്തുതകള്‍ പുറത്ത് വരട്ടെയെന്ന് പറഞ്ഞ അദ്ദേഹം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കൂടി ലഭ്യമാകട്ടെയെന്ന് പറഞ്ഞു. സ്ഥലത്ത് സംഘര്‍ഷമുണ്ടായോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സംഘര്‍ഷം നടന്നെന്ന് ആരോപിക്കുന്ന ദിവസം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പരാതി നല്‍കിയത്. മരിച്ചയാള്‍ക്ക് ലിവര്‍ സിറോസിസ് ഉണ്ടെന്നാണ് താന്‍ അറിഞ്ഞത്. അതെന്തുമായിക്കൊള്ളട്ടെ താന്‍ ദീപുവിന്റെ മരണത്തില്‍ അനുശോചിക്കുന്നു. സംഘര്‍ഷം ഉണ്ടായതായി ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് ദീപു മൊഴി നല്‍കിയിട്ടില്ല. അന്വേഷണം നടക്കട്ടെ. കസ്റ്റഡിയില്‍ ഉള്ളവര്‍ പ്രതികളെങ്കില്‍ ശിക്ഷ കിട്ടണമെന്ന് തന്നെയാണ് തന്റെ നിലപാട്. അതല്ല, സിപിഎം പ്രവര്‍ത്തകരെ ബോധപൂര്‍വം പ്രതികളാക്കാന്‍ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള നീക്കമാണെങ്കില്‍ ശക്തമായി പ്രതിരോധിക്കും. സംഭവത്തില്‍ ആസൂത്രിതമായി വാര്‍ത്ത സൃഷ്ടിച്ചെന്ന് സംശയിക്കുന്നതായും പിവി ശ്രീനിജന്‍ എംഎല്‍എ പറഞ്ഞു. പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

