തിരുവനന്തപുരം: തിരുവനന്തപുരം ഗവ മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് കർമ പദ്ധതി രൂപീകരിക്കാൻ നിർദ്ദേശം. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
കർമ പദ്ധതി അനുസരിച്ച് സമയബന്ധിതമായി പ്രവർത്തനം പൂർത്തിയാക്കണം. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി പ്രത്യേകമായി ട്രാൻസ്പ്ലാന്റ് യൂണിറ്റ് സജ്ജമാക്കണം. മെഡിക്കൽ കോളേജിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ തുടങ്ങാനാവശ്യമായ ഉടൻ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സ്വകാര്യ ആശുപത്രിയിൽ ലക്ഷക്കണക്കിന് രൂപ ചെലവു വരും. സർക്കാർ മേഖലയിൽ നിലവിൽ ഒരിടത്തും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നില്ല എന്ന അവസ്ഥയിലാണ് സർക്കാരിന്റെ ഇടപെടൽ. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ ആശ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എ റംലാ ബീവി, ജോ ഡയറക്ടർ തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സാറ വർഗീസ്, ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി കൃഷ്ണദാസ്, സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി രമേഷ് രാജൻ, അനസ്തീഷ്യ വിഭാഗം മേധാവി ലിനറ്റ് എന്നിവർ ഉന്നതല യോഗത്തിൽ പങ്കെടുത്തു.
അതേസമയം തിരുവനന്തപുരം, കോട്ടയം ഗവ മെഡിക്കൽ കോളേജുകളിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കാൻ ആരോഗ്യ വകുപ്പ് വലിയ മുന്നൊരുക്കമാണ് നടത്തിയത്. കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലും ഇതിനുള്ള സംവിധാനം സജ്ജമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.

