കോഴിക്കോട്: മരുന്നു കമ്പനികള്‍ നല്‍കുന്ന ശമ്പളത്തില്‍ ലാബ് ടെക്‌നീഷ്യന്മാരെ നിയമിച്ചാണ് ചില ചികിത്സാ കേന്ദ്രങ്ങളില്‍ ഹീമോഫീലിയ രോഗികളെ നിര്‍ണയിക്കുന്നതെന്നും മരുന്നുകള്‍ നല്‍കുന്നതെന്നും ആരോഗ്യ വകുപ്പിനു സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ടെക്‌നീഷ്യനെ അടുത്തിടെ പിരിച്ചു വിട്ടു. ചികിത്സാ വിദഗ്ധരില്‍ ചിലര്‍ നടത്തിയ വിദേശയാത്രകളും കമ്പനിക്കാരുമായുള്ള ഇടപാടുകളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.
ഫാക്ടര്‍ 8 ഉപയോഗിച്ചിരുന്ന രോഗിക്ക് മരുന്ന് ഫലിക്കുന്നില്ലെന്നും വില കൂടിയ ഫീബ ഉപയോഗിക്കണമെന്നും കണ്ടെത്തുന്നത് ലാബ് ടെക്‌നീഷ്യനാണ്. പുറംകരാര്‍ ഏജന്‍സികള്‍ വഴി നിയമിച്ചിരിക്കുന്ന ഈ ടെക്‌നീഷ്യന്റെ ശമ്പളം നല്‍കുന്നത് മരുന്നു കമ്പനിയാണെന്നാണ് വിവരം. ഇങ്ങനെ അനിയന്ത്രിതമായി മരുന്ന് ഉപയോഗിക്കുന്നതോടെ ഒരു മരുന്നിനോടും പ്രതികരിക്കാത്ത അവസ്ഥയിലേക്ക് രോഗി എത്തുന്നത് ദോഷകരമാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരേ കുറിപ്പടി ഉപയോഗിച്ച് പല കാരുണ്യ ഫാര്‍മസികളില്‍ നിന്ന് രോഗികള്‍ മരുന്നു വാങ്ങിയിട്ടുണ്ട്. ഗള്‍ഫിലുള്ള രോഗി വടക്കന്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തലസ്ഥാനത്തെ ഒരു രോഗി വിദേശത്തേക്ക് കൊണ്ടുപോകാനായി മരുന്ന് കൂട്ടത്തോടെ വാങ്ങിയിട്ടുണ്ട്.
ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ രോഗികള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ഹീമോഫീലിയ, തലസീമിയ, സിക്കിള്‍സെല്‍ അനീമിയ എന്നീ രക്തജന്യ രോഗങ്ങളുള്ളവര്‍ ‘ആശാധാര’ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം എന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അയ്യായിരത്തോളം രോഗികള്‍ ഉണ്ടെങ്കിലും പകുതിയില്‍ താഴെ പേര്‍ മാത്രമാണ് നിലവില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലാ ഡേകെയര്‍ സെന്ററില്‍, പേഷ്യന്റ് കെയര്‍ കോ-ഓര്‍ഡിനേറ്ററുടെ സഹായത്തോടെ വേണം റജിസ്റ്റര്‍ ചെയ്യാന്‍. രോഗിക്ക് വ്യക്തിഗത നമ്പര്‍ ഉള്‍പ്പെടുന്ന തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. മൊബൈല്‍ ആപ്ലിക്കേഷനും പോര്‍ട്ടലിലെ വിവരങ്ങളും ബന്ധിപ്പിക്കുന്നതോടെ രോഗി എവിടെ നിന്ന് മരുന്ന് സ്വീകരിച്ചാലും വിവരം ക്രോഡീകരിച്ച് ശേഖരിക്കപ്പെടും.

