കൊച്ചി: ഗൂഢാലോചന കേസില്‍ സംവിധായകന്‍ നാദിര്‍ഷയെ ക്രൈംബ്രാഞ്ച് മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാനുള്ള പദ്ധതി ദിലീപ് നാദിര്‍ഷയുമായി പങ്കുവെച്ചിരുന്നോ എന്നാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിച്ചത്.
ദിലീപിനെ അനുകൂലിച്ച് നാദിര്‍ഷ നേരത്തെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ദിലീപുമായുള്ള അടുപ്പം കണക്കിലെടുത്താണ് രണ്ട് സിഐമാരും എസ്പിയുമടങ്ങുന്ന സംഘം നാദിര്‍ഷയെ ചോദ്യം ചെയ്തത്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണ സംഘം കൃത്യമായി പരിശോധിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ദിലീപിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെയും അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.
അതേസമയം, ഗൂഢാലോചന കേസില്‍ പ്രതികള്‍ ഹാജരാക്കിയ ആറ് ഫോണുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. ഫോണില്‍ നിന്നും നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രതീക്ഷ. കൂടാതെ, ഫലം ലഭിച്ചാലുടന്‍ പ്രതികളെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്.

