കെ-റെയില്‍: ഫെബ്രുവരി ഏഴിലെ ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: കെ-റെയില്‍ പദ്ധതിയിലെ സര്‍വ്വേ നടപടികള്‍ തടഞ്ഞ ഫെബ്രുവരി ഏഴിലെ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍. സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ ഇരിക്കെ സര്‍വ്വേ തടഞ്ഞുകൊണ്ട് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതിക്കെതിരായ ഹര്‍ജിക്കാരുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ഭാഗം മാത്രം പരിഗണിച്ചാണ് കോടതിയുടെ രണ്ടാമത്തെ ഉത്തരവെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ഹര്‍ജി ഹൈക്കോടതി ബെഞ്ച് ഇന്ന് പരിഗണിക്കും.

കെ-റെയില്‍ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയത് എങ്ങനെയെന്ന വിശദാംശങ്ങള്‍ നല്‍കണമെന്ന സിംഗിള്‍ ബഞ്ച് നിര്‍ദേശവും ഡിവിഷന്‍ ബഞ്ച് ഒഴിവാക്കിയിട്ടുണ്ട്. പുതിയ പദ്ധതിയ്ക്കായി കേരള സര്‍വേസ് ആന്‍ഡ് ബൌണ്ടറീസ് ആക്ട് പ്രകാരം സര്‍ക്കാറിന് സര്‍വേ നടത്താമെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിയത്.

അതേസമയം, പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്. സര്‍വേക്കും കല്ലിടലിനുമെതിരെ വിവിധ ജില്ലകളില്‍ നാട്ടുകാരുടെ നേതൃത്വത്തിലും വലിയ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്.