കൊച്ചി: ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരന്‍ അനൂപിനോട് തിങ്കളാഴ്ച ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് നിര്‍ദ്ദേശം നല്‍കി. അനൂപിന്റെ ഒരു ഫോണിന്റെ പരിശോധന ഫലം ലഭിച്ച സാഹചര്യത്തില്‍ കൂടിയാണ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ദിലീപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനേയും അടുത്ത ദിവസം വിളിക്കും. ഇവരുടെ ഫോണ്‍ പരിശോധന ഫലം വെള്ളിയാഴ്ച ലഭിക്കും.
മൊബൈല്‍ ഫോണുകളിലെ പരിശോധനയില്‍ സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. പ്രതികള്‍ക്കെതിരേ കൂടുതല്‍ തെളിവുകളള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യല്‍. നേരത്തെ കോടതി നിര്‍ദ്ദേശ പ്രകാരം ദിലീപ് അടക്കമുള്ള പ്രതികള്‍ മൂന്നുദിവസത്തെ ചോദ്യംചെയ്യലിന് ഹാജരായിരുന്നു. ഇതിനു ശേഷമാണ് ദിലീപ് അടക്കമുള്ളവര്‍ക്ക് കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
അതേസമയം, ഗൂഢാലോചന കേസിലെ ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ലാത്തതിനാല്‍ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആര്‍ നിലനില്‍ക്കില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിറകെയാണ് എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.

