ലോകായുക്ത നിയമഭേദഗതി: സിപിഐ മന്ത്രിമാര്‍ക്ക് എതിര്‍പ്പ്; നേരത്തെ അറിയിച്ചില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോകായുക്ത നിയമഭേദഗതിയില്‍ വിമര്‍ശനം ഉന്നയിച്ച് സിപിഐ മന്ത്രിമാര്‍. ജനുവരി 19-ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു. എന്നാല്‍, ഇത്തരമൊരു ഓര്‍ഡിനന്‍സ് കൊണ്ടു വരുമ്പോള്‍ മതിയായ രാഷ്ട്രീയ ആലോചന ഉണ്ടായില്ലെന്ന് സിപിഐ മന്ത്രിമാര്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ അറിയിക്കുകയായിരുന്നു.

ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നും സിപിഐ വാദിച്ചു. റവന്യൂ മന്ത്രി കെ.രാജനാണ് സിപിഐയുടെ നിലപാട് വ്യക്തമാക്കിയത്. മറ്റ് സിപിഐ മന്ത്രിമാര്‍ രാജനെ പിന്തുണക്കുകയും ചെയ്തു.

അതേസമയം, ഇക്കാര്യം നേരത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചപ്പോള്‍ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കാത്തത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിഷയം പഠിക്കാന്‍ സമയം ആവശ്യപ്പെട്ടതനുസരിച്ച് ഒരു തവണ മാറ്റിവെച്ചിരുന്നു, പിന്നീട് പരിഗണനക്ക് വന്നപ്പോള്‍ മന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതുമില്ല. തീരുമാനമെടുത്ത ശേഷം അതിനെതിരെ പ്രതികരണം നടത്തുന്നത് ശരിയല്ലല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം.