തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56ല്‍ നിന്ന് 57 ആക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന. എല്‍ഡിഎഫിലും സിപിഎമ്മിലും അനുകൂല തീരുമാനം ഉണ്ടായാല്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റില്‍ അവതരിപ്പിക്കും. മാര്‍ച്ച് 11ന് ആണ് ബജറ്റ് പ്രഖ്യാപനം. ഇതുവഴി 4,000 കോടി രൂപ വരെ ലാഭിക്കാമെന്നാണു ധനവകുപ്പിന്റെ കണ്ക്കുകൂട്ടല്‍.
എന്നാല്‍, ബജറ്റിനു മുന്നോടിയായി മന്ത്രി വിളിച്ച ചര്‍ച്ചയില്‍ യുവജന സംഘടനകള്‍ ഈ തീരുമാനത്തെ എതിര്‍ത്തിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ള ഇന്ധനം, മദ്യം, റജിസ്‌ട്രേഷന്‍, മോട്ടര്‍ വാഹനം എന്നിവയുടെ നികുതികളെല്ലാം വര്‍ധിപ്പിക്കുകയോ പുനഃക്രമീകരിക്കുകയോ വേണമെന്നു ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ ധന വകുപ്പിനോടു ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം, ബംപര്‍ ഒഴികെ ലോട്ടറി ടിക്കറ്റുകളുടെ വില 40 രൂപയില്‍ നിന്നു 50 ആയി വര്‍ധിപ്പിക്കുന്നതും ആലോചനയിലാണ്. തദ്ദേശ സ്ഥാപനങ്ങള്‍ പിരിക്കുന്ന നികുതികളിലും പുനഃക്രമീകരണം പരിഗണനയിലുണ്ട്.
കേരളത്തില്‍ 5.25 ലക്ഷം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുണ്ട്. ഇതില്‍ 1.60 ലക്ഷം പേരുടെ വിരമിക്കല്‍ പ്രായം 60 ആണ്. ബാക്കി 3.65 ലക്ഷം ജീവനക്കാര്‍ക്കാണു പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിന്റെ ഗുണം ലഭിക്കുക.

