ഖാലിസ്താനികളുമായി അരവിന്ദ് കെജ്രിവാളിന് ബന്ധമുണ്ടെന്ന ആരോപണം; അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി. ഖാലിസ്താനികളുമായി അരവിന്ദ് കെജ്രിവാളിന് ബന്ധമുണ്ടെന്ന ആരോപണത്തിൽ അന്വേഷണമാവശ്യപ്പെട്ടാണ് ചരൺജിത് സിംഗ് ഛന്നി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. അരവിന്ദ് കെജ്രിവാളിനെതിരെ ഉയർന്ന ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും പഞ്ചാബികളുടെ ആശങ്ക പരിഹരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

ആം ആദ്മി പാർട്ടി മുൻ നേതാവ് കുമാർ ബിശ്വാസാണ് കെജ്രിവാളിനെതിരെ ആരോപണം ഉന്നയിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അല്ലെങ്കിൽ സ്വതന്ത്ര്യ ഖലിസ്താൻ രാജ്യത്തെ പ്രധാനമന്ത്രിയാകും താന്നെന് കെജ്രിവാൾ പറഞ്ഞെന്നായിരുന്നു കുമാർ ബിശ്വാസ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാൽ കുമാർ ബിശ്വാസിന്റെ ആരോപണങ്ങൾ വ്യാജമാണെന്ന് ആംആദ്മി പാർട്ടി വ്യക്തമാക്കി. അരവിന്ദ് കെജ്രിവാളിനെതിരെയുള്ള ആരോപണങ്ങൾ ആയുധമാക്കാനാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും നീക്കം.

കെജ്രിവാൾ രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം. വിഷയത്തിൽ കെജ്രിവാൾ നിലപാട് വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ആംആദ്മി പാർട്ടി നടത്തുന്നത് ഭിന്നിപ്പ് നടത്താനുള്ള ശ്രമങ്ങളാണെന്ന് ബിജെപി പ്രതികരിച്ചു. ആം ആംദ്മി പാർട്ടി പഞ്ചാബിൽ അധികാരത്തിലെത്തിയാൽ അപകടകരമായിരിക്കുമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.